LGBTQ+ സൈനികരോട് ഔദ്യോഗികമായി മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയ! പതിറ്റാണ്ടുകൾ നീണ്ട വിവേചനത്തിന് ഒടുവിൽ ചരിത്രപരമായ ക്ഷമാപണം

2026 നവംബർ 25ന് ഓസ്‌ട്രേലിയൻ പാർലമെന്റിൽ നടന്ന പ്രത്യേക പ്രസ്താവനയിലൂടെയാണ് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് സർക്കാരിനുവേണ്ടി ക്ഷമാപണം നടത്തിയത്. വിവേചനപരമായ സൈനിക നയങ്ങൾ കാരണം കരിയറും ജീവിതവും നഷ്ടപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടുമാണ് സർക്കാർ മാപ്പ് ചോദിച്ചത്.
LGBTQ+ സൈനികരോട് ഔദ്യോഗികമായി മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയ! പതിറ്റാണ്ടുകൾ നീണ്ട വിവേചനത്തിന് ഒടുവിൽ ചരിത്രപരമായ ക്ഷമാപണം
Published on: 
Updated on: 

പതിറ്റാണ്ടുകളായി സൈന്യത്തിനുള്ളിൽ വിവേചനവും പീഡനവും നേരിട്ട LGBTQ+ വിഭാഗത്തിൽപ്പെട്ട നിലവിലുള്ളതും മുൻകാലത്തുള്ളതുമായ സൈനികരോട് ഔദ്യോഗികമായി മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയൻ സർക്കാർ. 2026 നവംബർ 25ന് ഓസ്‌ട്രേലിയൻ പാർലമെന്റിൽ നടന്ന പ്രത്യേക പ്രസ്താവനയിലൂടെയാണ് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് സർക്കാരിനുവേണ്ടി ക്ഷമാപണം നടത്തിയത്. വിവേചനപരമായ സൈനിക നയങ്ങൾ കാരണം കരിയറും ജീവിതവും നഷ്ടപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടുമാണ് സർക്കാർ മാപ്പ് ചോദിച്ചത്.

ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിൽ ഒരുകാലത്ത് സ്വവർഗാനുരാഗികളായ വ്യക്തികൾക്ക് സേവനം ചെയ്യാൻ വിലക്കുണ്ടായിരുന്നു. 1974 മുതൽ 1992 വരെയുള്ള കാലഘട്ടത്തിൽ നിലനിന്നിരുന്ന വിവേചനപരമായ നയങ്ങൾ നിരവധി സൈനികരുടെ ജീവിതത്തെ ബാധിച്ചു. സ്വവർഗാനുരാഗികളാണെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കുക, അവരുടെ സൗഹൃദങ്ങളും വ്യക്തിജീവിതവും പരിശോധിക്കുക, ബാരക്കുകളിൽ പരിശോധന നടത്തുക, ചോദ്യം ചെയ്യുക തുടങ്ങിയ നടപടികൾ അന്ന് നടന്നിരുന്നു. ചിലരെ ജോലി രാജിവെക്കാൻ നിർബന്ധിക്കുകയും മറ്റു ചിലരെ അപമാനകരമായ സാഹചര്യങ്ങളിൽ സൈന്യത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു. സൈനിക നിയമപ്രകാരം ചിലർക്ക് ശിക്ഷാനടപടികളും നേരിടേണ്ടിവന്നു. ഈ കാലഘട്ടത്തെ പല മുൻ സൈനികരും 'വിച്ച് ഹണ്ട്സ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

1986ൽ പ്രാബല്യത്തിൽ വന്ന ഡിഫൻസ് ജനറൽ ഇൻസ്ട്രക്ഷൻ 15-3 ആയിരുന്നു ഇത്തരം നടപടികൾക്ക് അടിസ്ഥാനമായ പ്രധാന നയം. സ്വവർഗാനുരാഗപരമായ ബന്ധങ്ങളിൽ ഏർപ്പെടുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ സൈനിക സേവനം അവസാനിപ്പിക്കുന്നത് പരിഗണിക്കണമെന്നായിരുന്നു ഇതിലെ നിർദേശം. ഈ നയത്തിനെതിരെ പോരാടിയവരിൽ പ്രധാനിയായിരുന്നു ചീഫ് പെറ്റി ഓഫീസർ അനിത വാൻ ഡെർ മീർ. ഒരേ ലിംഗത്തിലുള്ള വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിൽ സൈന്യത്തിൽനിന്ന് പുറത്താക്കപ്പെടാനുള്ള സാഹചര്യം നേരിട്ട അനിത 1992ൽ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. അവരുടെ ഇടപെടലും മറ്റു പ്രവർത്തകരുടെ പോരാട്ടവും വിവേചനപരമായ നയങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ശക്തി നൽകി.

ഒടുവിൽ 1992 നവംബർ 23ന് പോൾ കീറ്റിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്വവർഗാനുരാഗികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും സൈന്യത്തിൽ സേവനം ചെയ്യാനുള്ള വിലക്ക് നീക്കാൻ തീരുമാനിച്ചു. എന്നാൽ നിയമം മാറിയതുകൊണ്ട് മാത്രം നേരത്തെ നഷ്ടപ്പെട്ട ജോലിയും വരുമാനവും അവസരങ്ങളും തിരിച്ചുകിട്ടിയില്ല. സൈനിക സേവനം അവസാനിപ്പിക്കേണ്ടിവന്ന പലർക്കും എന്തുകൊണ്ടാണ് നേരത്തെ വീട്ടിലേക്ക് മടങ്ങിയതെന്ന് സ്വന്തം കുടുംബത്തോട് പോലും പറയാൻ കഴിഞ്ഞിരുന്നില്ല. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കെതിരായ സേവനവിലക്കുകൾ 2010ലാണ് പൂർണമായി നീക്കിയത്.

LGBTQ+ സൈനികരോട് ഔദ്യോഗികമായി മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയ! പതിറ്റാണ്ടുകൾ നീണ്ട വിവേചനത്തിന് ഒടുവിൽ ചരിത്രപരമായ ക്ഷമാപണം
ചൈനയുടെ റോക്കറ്റിൽ പാക് ബഹിരാകാശ സഞ്ചാരി; മനുഷ്യ ബഹിരാകാശ ദൗത്യത്തിൽ പുതിയ ചരിത്രം!

പാർലമെന്റിലെ ക്ഷമാപണ പ്രസംഗത്തിൽ മുൻകാല സൈനികർ നേരിട്ട ദുരനുഭവങ്ങൾ പ്രത്യേകം പരാമർശിച്ച റിച്ചാർഡ് മാർലെസ്, രാജ്യത്തിനുവേണ്ടി സേവനം ചെയ്തവരോട് രാജ്യം തന്നെ അപമാനവും സംശയവും വിവേചനവുമാണ് തിരികെ നൽകിയതെന്ന് വ്യക്തമാക്കി. നിരീക്ഷണത്തിനും ഭീതിക്കും, ചോദ്യം ചെയ്യലുകൾക്കും, സഹപ്രവർത്തകരെ ഒറ്റിക്കൊടുക്കാൻ നിർബന്ധിതരായതിനും, അവസാനിപ്പിക്കപ്പെട്ട കരിയറുകൾക്കും കുടുംബങ്ങൾ അനുഭവിച്ച വേദനകൾക്കും അദ്ദേഹം ക്ഷമ ചോദിച്ചു. 'നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും ഈ രാജ്യത്തിന് നൽകേണ്ടതെല്ലാം നൽകി. പകരം രാജ്യം നിങ്ങൾക്ക് നൽകിയത് അപലപനവും പരിഹാസവും സംശയവുമായിരുന്നു. അന്ന് രാജ്യം നിങ്ങളോടൊപ്പം നിന്നില്ല. എന്നാൽ ഇന്ന് രാജ്യം മാപ്പ് പറയുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന സന്ദേശം. പ്രധാനമന്ത്രി ആന്തണി അൽബനീസിയും ഈ ക്ഷമാപണത്തെ പിന്തുണച്ചു.