

ലോകത്താദ്യമായി ഒരു എഐ ഏജന്റ് ഒരു സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഓസ്ട്രേലിയയുടെ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റാണ് ഓപ്പൺ എഐ ഹാക്ക് ചെയ്തത്. പ്രധാനമന്ത്രി ആന്തണി അൽബനീസ് ആണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ജൂണിലാണ് ഈ സുരക്ഷാഭീഷണി ഉണ്ടായത്. പക്ഷേ, സെപ്റ്റംബർ 10ന് മാത്രമാണ് ഓപ്പൺ എഐ ഇക്കാര്യം ഓസ്ട്രേലിയൻ സർക്കാരിനെ അറിയിക്കുന്നത്. അതേസമയം, ആഗോളതലത്തിൽ എഐ നിയന്ത്രണത്തിനായുള്ള ടെക് കമ്പനികളുടെ അഭ്യർഥന യു.എസ് തള്ളി.
എഐയുടെ പുരോഗതിയെ നിയന്ത്രിക്കാൻ ആഗോളതലത്തിൽ ചട്ടം കൊണ്ടുവരണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തിൽ ആവശ്യമുയർന്നതിനു പിന്നാലെയാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ലോകത്താദ്യമായി ഒരു എഐ ഏജന്റ് ഒരു സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഓസ്ട്രേലിയയുടെ മെഡികെയർ വൈബ്സൈറ്റാണ് ഓപ്പൺ എഐയുടെ ഏജന്റ് ഹാക്ക് ചെയ്തത്. അതി സുരക്ഷിതവും നിർണായകവുമായ ഡേറ്റകൾ സൂക്ഷിച്ചിരിക്കുന്ന സംവിധാനത്തിലാണ് എഐ ബ്രീച്ച് നടന്നിരിക്കുന്നത്.
ജൂൺ 18നാണ് ഓപ്പൺ എഐയുടെ ഏജന്റുകൾ ഓസ്ട്രേലിയൻ സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. ഓഗസ്റ്റിൽ ഇക്കാര്യം ഓപ്പൺ എഐ തിരിച്ചറിഞ്ഞു. സെപ്റ്റംബര്‍ 10നാണ് ഇ മെയിൽ വഴി ഓപ്പൺ എഐ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ സർവീസസ് മെയിലിലേക്കാണ് വിവരം എത്തിയത്. 15ന് സർവീസസ് ഓസ്ട്രേലിയ ഇക്കാര്യം സൈബർ സുരക്ഷാ കേന്ദ്രത്തെ അറിയിച്ചു. 19, 20 തീയതികളോടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിഞ്ഞത്. 23ന് ന്യൂയോർക്കിൽ വെച്ച് ഇക്കാര്യം അദ്ദേഹം ലോകത്തെ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്‌മാനുമായി ആന്തണി അൽബനീസ് സംസാരിച്ചു. മെഡികെയർ അല്ലാതെ മറ്റ് മൂന്ന് സംവിധാനങ്ങൾ കൂടി ബാധിക്കപ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നതെന്നും അൽബനീസ് പറഞ്ഞു. ലോകത്തെ ഏറ്റവും കരുത്തുറ്റ ഡേറ്റ സുരക്ഷയുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. എന്നിട്ടും ഇത്തരത്തിലൊരു കടന്നുകയറ്റം അതിന്റെ സുരക്ഷാ സംവിധാനങ്ങൾ തിരിച്ചറിഞ്ഞതേയില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. തിരിച്ചറിയാൻ മാസങ്ങളെടുത്തു. ആരുടെയും നിർദേശമില്ലാതെയാണ് എഐ ഏജന്റുകള്‍ ഇത് ചെയ്തത് എന്നതാണ് അതിലേറെ ഞെട്ടിക്കുന്ന കാര്യം.