ലണ്ടൻ: ബിബിസിയെ ഭീഷണിപ്പെടുത്തിയ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടിക്ക് പിന്നാലെ പത്രപ്രവർത്തനത്തിനായി പോരാടണമെന്ന് ആഹ്വാനം ചെയ്ത് മേധാവി ടിം ഡേവി. സ്വതന്ത്ര മാധ്യമങ്ങൾ സമ്മർദത്തിലാണെന്ന് ഞാൻ മനസിലാക്കുന്നുവെന്നും, നമ്മുടെ പത്രപ്രവർത്തനത്തിനായി നമ്മൾ പോരാടേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു എന്നും ബിബിസി മേധാവി സഹപ്രവർത്തകരോട് പറഞ്ഞു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പരാമർശങ്ങൾ എഡിറ്റ് ചെയ്തെന്ന ആരോപണം വന്നതിന് പിന്നാലെ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണസും രാജിവച്ചിരുന്നു. 20 വർഷത്തെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന ടിം ഡേവിയാണ് ഇപ്പോൾ ഈ പ്രതികരണം നടത്തിയത്.
കഴിഞ്ഞ വർഷം കഴിഞ്ഞ വർഷം ബിബിസിക്കു വേണ്ടി സ്വതന്ത്ര നിർമാണ കമ്പനിയായ ഒക്ടോബർ ഫിലിംസ് ലിമിറ്റഡ് സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ്? എന്ന ഡോക്യുമെന്ററിയെ കുറിച്ചുള്ളതായിരുന്നു വിവാദമായ റിപ്പോർട്ട്. 2021 ജനുവരിയിലെ ക്യാപിറ്റൽ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചുവെന്ന തരത്തിൽ പ്രസംഗങ്ങൾ എഡിറ്റ് ചെയ്തുവെന്നാണ് ആരോപണം.
2024 ഒക്ടോബറിൽ സംപ്രേഷണം ചെയ്ത ഈ പരിപാടിയിൽ, ട്രംപ് നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദമായത്. തന്റെ അനുയായികൾ "ക്യാപ്പിറ്റോളിലേക്ക് ഇറങ്ങിച്ചെന്ന്" "നമ്മുടെ ധീരരായ സെനറ്റർമാരെയും കോൺഗ്രസ് അംഗങ്ങളെയും സ്ത്രീകളെയും പ്രോത്സാഹിപ്പിക്കണമെന്ന്" ട്രംപ് പറയുന്നതായി കാണാം. എന്നാൽ അത് രണ്ടു വ്യത്യസ്ത പ്രസംഗങ്ങിലെ വാചകം എഡിറ്റ് ചെയ്ത് ചേർത്തതായാണ് കണ്ടെത്തൽ.
വാർത്തയിലേക്ക് ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തത് മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് ഉചിതമായി നഷ്ടപരിഹാരം നൽകണമെന്നും, അല്ലെങ്കിൽ 1 ബില്യൺ ഡോളറിൻ്റെ കേസ് നേരിടേണ്ടിവരുമെന്നും ട്രംപിൻ്റെ അഭിഭാഷകർ ബിബിസിക്ക് കത്തയച്ചിരുന്നു.
ടിമ്മിനെയും ടർണസിനേയും "സത്യസന്ധതയില്ലാത്ത ആളുകൾ" എന്നു വിളിച്ചാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രതികരിച്ചത്. അതേസമയം, ഡൊണാൾഡ് ട്രംപിനെ കുറിച്ചുള്ള ഡോക്യുമെൻ്ററിയിൽ പ്രസംഗം എഡിറ്റ് ചെയ്തുചേർത്തത് തെറ്റായ തീരുമാനമായിരുന്നെന്ന് ബിബിസി അധ്യക്ഷൻ സമീർ ഷാ അറിയിച്ചു.