

ന്യൂഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേർ ആക്രമണത്തെ തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് യുകെ സർക്കാർ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി.
എഫ്‌ഡിസിഒയുടെ ഉപദേശത്തിന് വിരുദ്ധമായി യാത്ര ചെയ്യാൻ തീരുമാനിച്ചാൽ യുകെയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ യാത്രാ ഇൻഷുറൻസ് അസാധുവാക്കുമെന്നും വിദേശ, കോമൺവെൽത്ത്, വികസന ഓഫീസ് (എഫ്‌സിഡിഒ) പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് എഫ്‌സിഡിഒ നിർദേശിക്കുന്നു . വാഗ-അട്ടാരി അതിർത്തി ക്രോസിംഗ് അടച്ചിരിക്കുന്നതായും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ജമ്മു നഗരത്തിലേക്കും തിരിച്ചുമുള്ള വിമാനയാത്രയും ജമ്മു നഗരത്തിനുള്ളിൽ യാത്ര ചെയ്യുന്നതും ഒഴികെ പഹൽഗാം , ഗുൽമാർഗ്, സോനാമാർഗ്, ശ്രീനഗർ നഗരം, ജമ്മു-ശ്രീനഗർ ദേശീയ പാത എന്നിവയുൾപ്പെടെ ജമ്മു കശ്മീരിലേക്കുള്ള യാത്ര വിനോദസഞ്ചാരികൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
മണിപ്പൂരിൻ്റെ തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അത്യാവശ്യ യാത്രകൾക്ക് മാത്രം അനുമതി നൽകുകയുള്ളുവെന്നും എഫ്‌ഡിസിഒ വിനോദസഞ്ചാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, ചരിത്രപ്രസിദ്ധമായ ചെങ്കോട്ട അടുത്ത മൂന്ന് ദിവസത്തേക്ക് അധികൃതർ അടച്ചിട്ടു. കൂടാതെ, സുരക്ഷാ കാരണങ്ങളാൽ വയലറ്റ് ലൈനിലെ ലാൽ ഖില മെട്രോ സ്റ്റേഷനും ഡിഎംആർസി അടച്ചു.
ന്യൂഡൽഹി, ഓൾഡ് ഡൽഹി, ആനന്ദ് വിഹാർ, ഹസ്രത്ത് നിസാമുദ്ദീൻ, ഗാസിയാബാദ് എന്നിവയുൾപ്പെടെ ഡൽഹി എൻസിആറിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മുൻകരുതൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.