മാപ്പ്! ദോഹ ആക്രമണത്തില്‍ ഖേദം അറിയിച്ച് നെതന്യാഹു; ഖത്തർ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു
വാഷിംഗ്ടൺ: ദോഹ ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയെ ഫോണിൽ വിളിച്ചായിരുന്നു നെതന്യാഹു ഖേദം അറിയിച്ചത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്കിടെയാണ് നെതന്യാഹുവിൻ്റെ ഖേദ പ്രകടനം.
വൈറ്റ് ഹൗസ് കൂടിക്കാഴ്ചക്കിടെ നെതന്യാഹു അൽ താനിയുമായി മിനിറ്റുകളോളം സംസാരിച്ചതായി ഇസ്രയേൽ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 9 ന് ദോഹയിൽ നടത്തിയ ആക്രമണത്തിൽ, ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനാണ് നെതന്യാഹു അൽ താനിയോട് ക്ഷമാപണം നടത്തിയത്. ആക്രമണത്തിൽ ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിലും നെതന്യാഹു ഖേദം അറിയിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള സമാധാന കരാർ അന്തിമരൂപത്തിലേക്ക് എത്തുന്ന സന്ദർഭത്തിലാണ് നെതന്യാഹുവിൻ്റെ ഖേദ പ്രകടനം. ഇസ്രയേൽ ആക്രമണത്തിനുശേഷം, ഹമാസുമായുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കില്ലെന്ന് ഖത്തർ അറിയിച്ചിരുന്നു. പിന്നാലെയാണ് നെതന്യാഹു തന്നെ ഖത്തർ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയത്. ദോഹ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിൻ്റെ സ്‌ഫോടന പരമ്പര. ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്നായിരുന്നു ഇസ്രയേല്‍ വാദം. ഖത്വാരി പ്രവിശ്യയിലാണ് പ്രധാനമായും ആക്രമണം നടന്നത്. ആക്രമണത്തിൽ മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ ഖലീൽ അൽ-ഹയ്യ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു.