ബ്രസീൽ: ബ്രസീലിയൻ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് ത്വക്ക് ക്യാൻസർ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. വീട്ടു തടങ്കലിൽ കഴിയുന്ന ബോൾസോനാരോയ്ക്ക് ഈ ആഴ്ച നടത്തിയ മെഡിക്കൽ പരിശോധനയിലാണ് രോഗലക്ഷണം കണ്ടെത്തിയത്. ചർമ്മത്തിലെ മുറിവുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ ടെസ്റ്റുകളുടെ ഫലത്തിലാണ് ക്യാൻസർ ലക്ഷണങ്ങൾ കണ്ടെത്തിയത്.
നിലവിലെ പരിശോധനകളുടെ ഫലമനുസരിച്ച് സ്ക്വാമസ് സെൽ കാർസിനോമ എന്ന ക്യാൻസർ വിഭാഗത്തിൽപ്പട്ട രോഗമാണ് ഡോക്ടർമാർ സ്ഥിരീകരിച്ചിരിക്കുന്നത്. ത്വക്ക് ക്യാൻസർ വിഭാഗത്തിലാണ് ഈ രോഗം ഉൾപ്പെടുന്നത്. നിലവിൽ അത്ര ഗുരുതരവസ്ഥയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. രോഗത്തിന്റെ പ്രാഥമികഘട്ടമാണെന്നാണ് വിലയിരുത്തൽ.
2022 ല്‍ ലുല സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസിൽ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ കുറ്റക്കാരനെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ തുടരാന്‍ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെയും വൈസ് പ്രസിഡന്റ് ജെറോള്‍ഡോ ആല്‍ക്ക്മിന്‍ സുപ്രീം കോടതി ജഡ്ജി അലക്‌സാണ്ടര്‍ ഡി മോറിസ് എന്നിവരെ വധിക്കാനടക്കം പദ്ധതിയിട്ടതായാണ് ആരോപണം. ബോള്‍സോനാരോയുടെ സുപ്രീം കോടതി വിചാരണയിലെ അഞ്ച് ജഡ്ജിമാരില്‍ ഒരാളാണ് അലക്‌സാണ്ടര്‍ ഡി മോറിസ്.
തീവ്ര വലതുപക്ഷ വാദിയായ ബോള്‍സോനാരോ 2019 മുതല്‍ 2023 വരെ ബ്രസീലിന്റെ 38-ാമത് പ്രസിഡന്റായിരുന്നു. 1973-ല്‍ ബ്രസീലിയന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബോള്‍സോനാരോ ബ്രസീലിന്റെ 1964-1985 കാലഘട്ടത്തിലെ സ്വേച്ഛാധിപത്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് ഗൃഹാതുരത്വം പ്രകടിപ്പിച്ചിരുന്ന നേതാവാണ്.
ബോള്‍സോനാരോ ഇപ്പോൾ വീട്ടു തടങ്കലിലാണ്. കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇലക്ട്രോണിക് ആങ്കിള്‍ മോണിറ്റര്‍ ധരിക്കാന്‍ ഉത്തരവിടുകയും പിന്നാലെയാണ് വീട്ടുതടങ്കലിലാക്കിയത്. 27 വര്‍ഷവും മൂന്ന് മാസവുമാണ് തടവ് ശിക്ഷ. ബോള്‍സോനാരോയ്‌ക്കെതിരായ വിധി ഞെട്ടിപ്പിക്കുന്നതെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ബോള്‍സോനാരോ മികച്ച നേതാവാണെന്നും വിധി നിരാശപ്പെടുത്തുന്നതാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.