

വിസ തട്ടിപ്പ്, വ്യാജ വിസ ആരോപണങ്ങൾക്കിടയിൽ താൽക്കാലിക വിസകൾ കൂട്ടത്തോടെ റദ്ദാക്കാൻ ലക്ഷ്യമിട്ട് കാനഡ. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള വിസകൾ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് മാസത്തിൽ മാത്രം കനേഡിയൻ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അനുമതിക്കായി അപേക്ഷിച്ച ഏകദേശം 74 ശതമാനത്തോളം ഇന്ത്യൻ അപേക്ഷകളും നിരസിക്കപ്പെട്ടിരുന്നു. അതായത് ലഭിച്ചതിൽ നാലിൽ മൂന്ന് അപേക്ഷകളും നിരസിച്ചു.
ഒട്ടാവയിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കെതിരായ കർശന നടപടികൾ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരെ പ്രത്യേകിച്ച് ബാധിച്ച സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തു വന്നത്. ഇമിഗ്രേഷൻ മന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച ഒരു വകുപ്പുതല റിപ്പോർട്ട് അനുസരിച്ച്, കാനഡയിലെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC), കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA), യുഎസ് പങ്കാളികൾ എന്നിവർ ചേർന്ന് വിസ നിരസിക്കുവാനും റദ്ദാക്കുവാനും ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പിന് രൂപം നൽകിയിട്ടുണ്ടെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, കുടിയേറ്റം നിയന്ത്രിക്കാൻ കാനഡയുടെ പുതിയ ബിൽ സി-12 നടപ്പിലായാൽ മഹാമാരി, പകർച്ച വ്യാധികൾ എന്നിങ്ങനെയുള്ള അസാധാരണ സാഹചര്യങ്ങളിൽ വിസ റദ്ദാക്കാൻ രാജ്യത്തിന് കഴിയും. എന്നാൽ ഇത് നടപ്പിലായാൽ കൂട്ട നാടുകടത്തലിന് കാരണമായേക്കുമെന്നാണ് ആശങ്ക.
2023 മെയ് മാസത്തിൽ ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള അപേക്ഷകൾ പ്രതിമാസം 500 ൽ താഴെയായിരുന്നത് 2024 ജൂലൈ ആയപ്പോഴേക്കും ഏകദേശം 2,000 ആയി വർധിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നുള്ള താൽക്കാലിക റസിഡൻ്റ് വിസ അപേക്ഷകൾ പരിശോധിക്കുന്നത് അപേക്ഷ പ്രോസസ്സിംഗ് മന്ദഗതിയിലാക്കുന്നുവെന്നും പറയുന്നു. പ്രൊസസിംഗ് സമയം 2023 ജൂലൈ അവസാനം ശരാശരി 30 ദിവസമായിരുന്നത് ഒരു വർഷം കഴിഞ്ഞപ്പോൾ 54 ദിവസമായി ഉയർന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
കഴിഞ്ഞ ദശകത്തിൽ കാനഡയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികളുണ്ടായിരുന്നത് ഇന്ത്യയിൽ നിന്നാണ്. ഓഗസ്റ്റിൽ 1000ത്തോളം അപേക്ഷകൾ നിരസിക്കപ്പെട്ടതോടെ കൂടുതൽ വിസകൾ നിരസിക്കപ്പെടുന്ന രാജ്യവും ഇന്ത്യയാണ്.