

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഞായറാഴ്ച സൈനിക ഉദ്യോഗസ്ഥരുമായി പോയ ട്രെയിനിനെ ലക്ഷ്യമിട്ട് റെയിൽവേ ട്രാക്കിന് സമീപം ഉണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ ചമൻ പട്ടാക്കിൽ ട്രെയിൻ സിഗ്നൽ കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ ട്രെയിനിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സ്ഫോടനത്തിൻ്റെ ശക്തിയിൽ രണ്ട് ട്രെയിൻ കോച്ചുകൾ മറിയുകയും തീ പിടിക്കുകയും ചെയ്യുകയായിരുന്നു.
ഈദ് അവധി പ്രമാണിച്ച് പെഷവാറിലേക്ക് പോകുകയായിരുന്ന നിരവധി സൈനികരും അവരുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടവരിലുണ്ട്. റെയിൽവേ ട്രാക്കിന് സമീപം പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും സ്ഫോടനത്തിൽ പൂർണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ഒരു ബഹുനില കെട്ടിടത്തിൻ്റെ ജനലുകളും ഭിത്തിയും സ്ഫോടനത്തിൽ തകർന്നു.
സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തെ ഭീരുത്വമെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിശേഷിപ്പിച്ചത്. സാധാരണയായി എപ്പോഴും സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുള്ള പ്രദേശത്താണ് സംഭവം നടന്നത്.