ബീജിങ്: വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ കണ്ടെത്തലുമായി ചൈന. പക്ഷാഘാതം വന്ന് കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി ലോകത്തിലെ ആദ്യത്തെ 'ഇൻവേസീവ് ബ്രെയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസ്' മെഡിക്കൽ ഉപകരണത്തിന് ചൈനീസ് ഭരണകൂടത്തിൻ്റെ അനുമതി. തലച്ചോറിലെ സിഗ്നലുകൾ ഉപയോഗിച്ച് പക്ഷാഘാതം ബാധിച്ചവർക്ക് കൈകളുടെ ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്നതാണ് ഈ അത്യാധുനിക സംവിധാനം.
ബോറുയി കാങ് മെഡിക്കൽ ടെക്നോളജി (ഷാങ്ഹായ്) ആണ് ഈ ഉപകരണം നിർമിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള പക്ഷാഘാതം ബാധിച്ച മനുഷ്യർക്ക് ചലനവും ആശയവിനിമയവും പുനഃസ്ഥാപിക്കുക എന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം.
ഇതിന് അർഹരായ രോഗികൾ 18നും 60നും ഇടയിൽ പ്രായമുള്ളവരും ഒരു പ്രത്യേകതരം സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റവരുമായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ചികിത്സയ്ക്ക് ശേഷം ആറ് മാസത്തേക്ക് അവർ സ്ഥിരതയുള്ള അവസ്ഥയിലായിരിക്കണമെന്നും നിർദേശിച്ചു.
ചൈനയിലെ നാഷണൽ മെഡിക്കൽ പ്രൊഡക്ട്സ് അഡ്മിനിസ്‌ട്രേഷൻ ഉപകരണത്തിന് വിപണനാനുമതി നൽകിയിരിക്കുകയാണ്. തലച്ചോറിലെ കോശങ്ങൾക്ക് പോറലേൽപ്പിക്കാതെ സിഗ്നലുകൾ പിടിച്ചെടുക്കാൻ ഈ ഉപകരണത്തിന് കഴിയും. ദീർഘകാലം വിശ്വസനീയമായി പ്രവർത്തിക്കുമെന്നതുമാണ് ഉപകരണത്തിൻ്റെ പ്രത്യേകത.
ചൈനയിൽ മാത്രം 37 ലക്ഷത്തിലധികം പേർ സുഷുമ്നാ നാഡിക്ക് പരിക്കേറ്റ് ചികിത്സയിലുണ്ട്. ഓരോ വർഷവും 90,000 പുതിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇവർക്കെല്ലാം പ്രതീക്ഷ നൽകുകയാണ് ഈ ബിസിഐ ഉപകരണം. കർശനമായ പരിശോധനകൾക്ക് ശേഷമാണ് ബിസിഐ ഉപകരണത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.