

ഒരു പതിറ്റാണ്ട് മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനം- MH370 ലെ യാത്രക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ചൈനയിലെ കോടതി. മലേഷ്യൻ എയർലൈൻസ് നാല് കോടി രൂപ നൽകണമെന്നാണ് കോടതി ഉത്തരവ്. യാത്രക്കാർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെങ്കിലും, അവരെ നിയമപരമായി മരിച്ചതായി പ്രഖ്യാപിച്ചുകൊണ്ടാണ് ഉത്തരവ്.
2014 ൽ മലേഷ്യയിലെ ക്വാലലംപുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൈനയിലെ ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം യാത്ര തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.വർഷങ്ങളോളം തെരച്ചിൽ നടത്തിയിട്ടും വിമാനത്തിന് എന്ത് സംഭവിച്ചുവെന്നോ വിമാനത്തിലുണ്ടായിരുന്ന 239 പേർക്ക് എന്ത് സംഭവിച്ചുവെന്നെന്ന് ഇത്രയും വർഷമായിട്ടും വിവരം ലഭിച്ചിട്ടില്ല.
വിമാന അപകടവുമായി ബന്ധപ്പെട്ട് 23 കേസുകൾ കൂടി കെട്ടിക്കിടക്കുന്നതായും കോടതി പറഞ്ഞു. മറ്റ് 47 കേസുകളിൽ കുടുംബങ്ങൾ വിമാനക്കമ്പനികളുമായി കരാറുകളിൽ എത്തിയതിനെ തുടർന്ന് കേസുകൾ പിൻവലിച്ചിരുന്നു. കാണാതായ വിമാനത്തിനായുള്ള തെരച്ചിൽ ഡിസംബർ 30 മുതൽ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ബുധനാഴ്ച മലേഷ്യൻ സർക്കാർ അറിയിച്ചിരുന്നു.