

കാരക്കാസ്: ഇരട്ട ഭൂചലനങ്ങളുണ്ടായി 10 ദിനം പിന്നിടുമ്പോള്‍ വെനസ്വേലയിൽ മരണസംഖ്യ 2595 ആയി ഉയർന്നു. 12,400 പേർക്ക് പരിക്കേറ്റെന്നും, 187 കെട്ടിടങ്ങള്‍ പൂർണ്ണമായി തകർന്നെന്നും ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗ്രസ് അറിയിച്ചു. ഭൂചലനങ്ങളുണ്ടായ ജൂൺ 24 ന് ശേഷമുള്ള അഞ്ച് ദിവസങ്ങളിൽ 609 തുടർചലനങ്ങള്‍ വെനസ്വേലയിൽ റെക്കോർഡ് ചെയ്തു. അതേസമയം, രക്ഷാപ്രവർത്തനത്തിലെ ഏകോപനത്തിൽ വന്ന വീഴ്ചയാണ് മരണസംഖ്യ ഉയരുന്നതിന് കാരണമെന്ന ആരോപണം പ്രസിഡൻ്റ് തള്ളി.
ആദ്യ മണിക്കൂറുകളിൽ 4,000 സിവിൽ- സെെനിക രക്ഷാപ്രവർത്തകരെയും, തൊട്ടടുത്ത ദിവസം 14,000 പേരെയും ദുരന്തമുഖത്ത് വിന്യസിച്ചെന്നും, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ലാ ഗ്വൈറയിൽ 19,000 രക്ഷാപ്രവർത്തകർ നിലവിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഡെൽസി റോഡ്രിഗ്രസ് വ്യക്തമാക്കി.147 രാജ്യങ്ങളുടെയും 30 ലധികം അന്താരാഷ്ട്ര സംഘടനകളുടെയും സഹായത്തോടെ രാജ്യത്ത് സന്നദ്ധപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞയാഴ്ച വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തില്‍ ആകെ 60,000 കെട്ടിടങ്ങള്‍ പൂര്‍ണമായി തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അനുദിനം മരണസംഖ്യ ഉയരുകയാണ്. 11,000 പേര്‍ക്ക് പരിക്കേറ്റു. 13,000 പേര്‍ക്ക് വീടുകള്‍ നഷ്ടമായി. ഇനിയും നിരവധി പേരെ കണ്ടെത്താനുള്ളതിനാല്‍ മരണ സംഖ്യ 5000 കടക്കുമെന്നാണ് കരുതുന്നത്.