

കാരക്കാസ്: പ്രസിഡൻ്റ് നിക്കോളാസ് മഡൂറോക്കും ഭാര്യയ്ക്കുമെതിരായ യുഎസ് സൈനിക നടപടികളെ തുടർന്ന് വെനസ്വേലയുടെ ആക്ടിങ് പ്രസിഡൻ്റായി ഡെൽസി റോഡ്രിഗസ് അധികാരമേറ്റു. ഡെൽസിയുടെ നേതൃത്വത്തിൽ വെനസ്വേല സർക്കാരിൻ്റെ ആദ്യ കൗൺസിൽ യോഗം ചേർന്നു. അമേരിക്കൻ പ്രാദേശിക സമയം നാളെ ഉച്ചയ്ക്ക് ശേഷം മഡൂറോയെ ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
നേരത്തെ ഡെൽസി റോഡ്രിഗസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയുടെ ഭാവി കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യാൻ തയ്യാറല്ലെങ്കിൽ ഡെൽസി കനത്ത വില നൽകേണ്ടി വരുമെന്നും അത് ചിലപ്പോൾ മഡൂറോയ്ക്ക് ലഭിച്ചതിനേക്കാൾ വലുതാകാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
രാജ്യം വെല്ലുവിളികളെ പ്രതിരോധിക്കുമെന്ന് ഡെൽസി റോഡ്രിഗസും വ്യക്തമാക്കി. "യുഎസും വെനസ്വേലയും തമ്മിൽ സന്തുലിതവും പരസ്പരവിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധത്തിലേക്ക് നീങ്ങുന്നതിനാണ് മുൻഗണന നൽകുക. കൂട്ടായ വികസനം ലക്ഷ്യമിട്ടുള്ള സഹകരണത്തിനായുള്ള ഒരു അജണ്ടയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ യുഎസ് സർക്കാരിനെ ക്ഷണിക്കുന്നു," ഡെൽസി റോഡ്രിഗസ് പറഞ്ഞു. അതേസമയം, യുഎസ് നടപടി ആഗോള ക്രമത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതിനാൽ ലോകം ജാഗ്രത പാലിക്കണമെന്ന് വെനസ്വേലയുടെ പ്രതിരോധ മന്ത്രി വ്‌ളാഡിമിർ പാഡ്രിനോ ലോപ്പസ് മുന്നറിയിപ്പ് നൽകി.
"ഇന്ന് അത് വെനസ്വേലയ്‌ക്ക് എതിരെ ആയിരുന്നുവെങ്കിൽ നാളെ അത് ഏതെങ്കിലും സംസ്ഥാനത്തിനോ രാജ്യത്തിനോ എതിരാകാം. വെനസ്വേലയിലെ ജനങ്ങൾ സമാധാനം പാലിക്കണം. മറ്റുള്ളവർ നമ്മുടെ മേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന സൈക്കോളജിക്കൽ യുദ്ധം, ഭീഷണികൾ, ഭയം എന്നീ കെണികളിൽ വീഴാതിരിക്കാൻ വേണ്ടിയാണിണ്. വരും ദിവസങ്ങളിൽ വെനസ്വേലയിലെ ജനങ്ങൾ അവരുടെ സാമ്പത്തിക, തൊഴിൽ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ ദൈനംദിന പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ ഞാൻ അഭ്യർഥിക്കുന്നു," പാഡ്രിനോ ലോപ്പസ് പറഞ്ഞു.
പ്രസിഡൻ്റ് മഡൂറോയെയും പ്രഥമ വനിത സിലിയ ഫ്ലോറസ് ഡി മഡൂറോയെയും ഉടൻ മോചിപ്പിക്കണമെന്നും വെനസ്വേലൻ പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു. "വികസനം, സമൃദ്ധി, സ്ഥിരത, ക്രമം എന്നിവയിൽ ഊന്നിയാണ് വെനസ്വേലയുടെ വിധി മുന്നോട്ടുപോകേണ്ടത്. രാജ്യത്തിൻ്റെ സൈനികരായ ഞങ്ങൾ അത് ഉറപ്പാക്കാൻ ഇവിടെ ഉണ്ടാകും. നിങ്ങൾക്ക് കാണാനാകുന്നത് പോലെ, റിപ്പബ്ലിക്കിൻ്റെ സൈനിക ഉന്നത കമാൻഡ് ഇന്ന് ഐക്യപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വ ആക്രമണത്തെ നേരിടാൻ അവർ ഒരുമിച്ച് നിൽക്കും," വെനസ്വേലയുടെ പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.