

ബീജിങ്: വെനസ്വേല സർക്കാരിനെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് യുഎസ് പിന്മാറണമെന്നും പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ചൈന. മഡൂറോയേയും ഭാര്യയേയും ഉടൻ മോചിപ്പിക്കണമെന്നും ചൈന യുഎസിനോട് ആവശ്യപ്പെട്ടു. “പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും അമേരിക്ക ബലമായി പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയതിൽ ചൈന കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര ചട്ടങ്ങൾ, അന്താരാഷ്ട്ര ബന്ധങ്ങളിലെ അടിസ്ഥാന മാനദണ്ഡങ്ങൾ, യുഎൻ ചാർട്ടറിൻ്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളുമെല്ലാം വ്യക്തമായി ലംഘിക്കുന്നതാണ് യുഎസിൻ്റെ ഈ നടപടിയെന്നും മന്ത്രാലയം വിമർശിച്ചു.
"പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെയും ഭാര്യയുടെയും സുരക്ഷ ഉറപ്പാക്കാനും അവരെ ഉടൻ മോചിപ്പിക്കാനും, വെനസ്വേല സർക്കാരിനെ അട്ടിമറിക്കുന്നത് നിർത്താനും സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാനും ചൈന അമേരിക്കയോട് ആവശ്യപ്പെടുന്നു," എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മഡൂറോയുടെ അറസ്റ്റും സർക്കാരിൻ്റെ പതനവും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്. ഹ്യൂഗോ ഷാവേസിൻ്റെ കാലം മുതൽ വെനസ്വേലയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ചൈനീസ് ഭരണകൂടങ്ങൾ. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ ഊർജ സഹകരണം, ലാറ്റിനമേരിക്കയിലെ യുഎസ് നിലപാടുകളെ പരസ്യമായി എതിർക്കൽ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ഐക്യപ്പെടൽ എന്നീ മേഖലകളിലെ സഹകരണം തുടർന്നിരുന്നു.
അതേസമയം, യുഎസിൻ്റെ കസ്റ്റഡിയിലുള്ള നിക്കോളാസ് മഡൂറോയെ യൂറോപ്യൻ യൂണിയൻ നിശിതമായി വിമർശിച്ചു. മഡൂറോ പ്രസിഡന്‍റ് സ്ഥാനത്ത് തുടർന്നത് നിയമവിരുദ്ധമായി ആണെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പ്രതികരിച്ചു. 2024ലെ മഡൂറോയുടെ തെരഞ്ഞെടുപ്പ് വിജയം യൂറോപ്യൻ യൂണിയൻ തള്ളിക്കളഞ്ഞിരുന്നുവെന്നും യൂറോപ്യൻ യൂണിയനിലെ ഉന്നത നയതന്ത്രജ്ഞനായ കായാ കല്ലസ് പറഞ്ഞു.
മയക്കു മരുന്ന്-ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ മറ്റു ആയുധങ്ങളും കൈവശം വയ്ക്കൽ, അമേരിക്കയ്‌ക്കെതിരെ ആയുധങ്ങൾ ഉപയോഗിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് യുഎസ് അറ്റോർണി ജനറൽ ഇന്നലെ വിശദീകരിച്ചിരുന്നു.