

സ്വയംഭരണാധികാരമുള്ള ഗ്രീൻലാൻഡിന് മേലുള്ള ഡെൻമാർക്കിൻ്റെ പരമാധികാരം തള്ളിക്കളഞ്ഞുകൊണ്ട് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി പ്രയോഗിക്കണമെന്ന നിർദേശവുമായി വീണ്ടും ഡൊണാൾഡ് ട്രംപ്.
അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗ്രീൻലാൻഡിൻ്റെ കാര്യത്തിൽ ഞങ്ങൾ എന്തെങ്കിലും ചെയ്യാൻ പോവുകയാണെന്നും വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ ട്രംപ് പറഞ്ഞു. എനിക്ക് എളുപ്പ വഴിയിലൂടെ ഒരു ഡീൽ ഉണ്ടാക്കുവാനാണ് ആഗ്രഹം. പക്ഷേ അത് നടന്നില്ലെങ്കിൽ കഠിനമായ രീതി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും വർധിച്ചുവരുന്ന സൈനിക കടന്നുകയറ്റം നടക്കുമ്പോൾ ധാതു സമ്പന്നമായ ഈ ദ്വീപിൻ്റെ നിയന്ത്രണം യുഎസ് ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നാണ് ട്രംപിൻ്റെ വാദം.യുഎസ് അങ്ങിനെ ചെയ്തില്ലെങ്കിൽ റഷ്യയോ ചൈനയോ അങ്ങനെ ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും സമീപ വർഷങ്ങളിൽ ആർട്ടിക് മേഖലയിൽ സൈനിക പ്രവർത്തനങ്ങൾ വർധിപ്പിച്ചിട്ടുണ്ടെങ്കിലും ദ്വീപിന്മേൽ ഇതുവരെ ഇരു രാജ്യങ്ങളും അവകാശവാദമുന്നയിച്ചിട്ടില്ല.
അതേസമയം, ഗ്രീൻലാൻഡിലെ യുഎസ് അധിനിവേശം നാറ്റോയുടേയും രണ്ടാം ലോക മഹായുദ്ധാനന്തര സുരക്ഷാ ഘടനയുടേയും അവസാനമായിരിക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ മുന്നറിയിപ്പ് നൽകി.സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടുത്ത ആഴ്ച ഡെൻമാർക്ക് വിദേശകാര്യ മന്ത്രിയുമായും ഗ്രീൻലാൻഡിൽ നിന്നുള്ള പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിൻ്റെ പുതിയ പരാമർശം.