
ബ്രിക്സിനെതിരെ നടപടിയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ പത്ത് ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. ബ്രസീലിൽ 17ാമത് ബ്രിക്സ് ഉച്ചകോടി പുരോഗമിക്കവേയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന് മാസങ്ങൾക്ക് മുൻപേ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ പത്ത് ശതമാനം നികുതി ചുമത്തുകയാണെന്നും തീരുമാനത്തിൽ നിന്ന് പിന്മാറാൻ ഉദ്ദേശ്യമില്ലെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്. തീരുവ ചുമത്തുന്നതിനോ കരാറുകൾക്കോ ഉള്ള കത്തുകൾ ഇന്ന് അയച്ചു തുടങ്ങുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ അമേരിക്കയ്ക്ക് ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്നാണ് ബ്രിക്സ് നിലപാട്. ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങൾ അമേരിക്ക ലംഘിക്കുകയാണെന്നും ബ്രിക്സ് വ്യക്തമാക്കി.
അതേസമയം, ബ്രിക്സ് ഉച്ചകോടിയിൽ ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. മാനവരാശിക്കെതിരായ ആക്രമണമാണ് പഹൽഗാമിലുണ്ടായത്. ഇന്ത്യക്കൊപ്പം നിന്ന എല്ലാ രാജ്യങ്ങൾക്കും നന്ദിയും മോദി അറിയിച്ചു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിൽ പാകിസ്ഥാനെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു.
ഇറാനിലെ ഇസ്രയേൽ-യുഎസ് ആക്രമണങ്ങളെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവനയും പുറത്തിറക്കി. ഗാസയിലെ ഇസ്രയേൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രാദേശിക സംഘർഷങ്ങളിൽ നയതന്ത്രപരമായ സമീപനങ്ങൾക്ക് പിന്തുണ ഉറപ്പാക്കുമെന്നും ബ്രിക്സ് ഉച്ചകോടി വ്യക്തമാക്കി.
ഇന്ത്യക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. 2026ൽ ഇന്ത്യയാണ് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ബ്രസീലിലെ റിയോ ഡെ ജനേറയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും.