30 മണിക്കൂറോളം നീണ്ട സംവാദങ്ങള്‍ക്കൊടുവില്‍ ഡൊണാൾഡ് ട്രംപിൻ്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി'ന് അന്തിമ അംഗീകാരം നല്‍കി യുഎസ് ജനപ്രതിനിധി സഭ. ഇനി ട്രംപിൻ്റെ ഒരൊറ്റ ഒപ്പോടെ ബില്‍ നിയമമാകും. റിപബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സഭയില്‍ 218 വോട്ടുകളോടെയാണ് ബില്‍ പാസായത്. രണ്ട് റിപബ്ലിക്കന്‍ അംഗങ്ങള്‍ കൂറുമാറി. പരാജയം സുനിശ്ചിതമായിരുന്നിട്ടും 8 മണിക്കൂർ 46 മിനിറ്റ് തുടർച്ചയായി പ്രസംഗിച്ച് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് കാപിറ്റോളില്‍ പുതിയ റെക്കോർഡും സ്വന്തമാക്കി.
ഒരു രാത്രിയും പകലും നീണ്ട സംവാദങ്ങള്‍ക്കും സമ്മർദങ്ങള്‍ക്കുമാണ് യുഎസ് കാപിറ്റോള്‍ സാക്ഷ്യം വഹിച്ചത്. രാവിലെ 9 മണിക്ക് ആരംഭിച്ച സഭ, അടുത്ത ദിവസം ഉച്ചയ്ക്ക് 2.30 മണിയോടെയാണ് വോട്ടെടുപ്പോടെ ബില്ല് പാസാക്കിയത്. 435 അംഗങ്ങളുള്ള സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 218 വോട്ടുകളായിരുന്നു. 212 ഡെമോക്രാറ്റ് അംഗങ്ങളും ബില്ലിനെ എതിർത്തു. രണ്ട് റിപബ്ലിക്കന്‍ അംഗങ്ങള്‍ കൂറുമാറി. ഒടുവില്‍ കൃത്യം 218 വോട്ടോടെ ട്രംപിൻ്റെ വിവാദ ബജറ്റ് ബില്ല് അന്തിമ അംഗീകാരം നേടി.
ഭൂരിപക്ഷത്തിൻ്റെ ആനുകൂല്യവും ട്രംപിൻ്റെ അന്ത്യശാസനവും നിലനില്‍ക്കെ ജൂലൈ നാലിന് മുന്‍പ് ബില്‍ പാസാക്കാനുറപ്പിച്ചിരുന്നു റിപബ്ലിക്കന്‍ പക്ഷം. സെനറ്റില്‍ കഷ്ടിച്ച് ഒരു വോട്ടോടെ പാസായ ബില്ലിനെ ഹൗസില്‍ എതിർത്തുനിന്നത് മൂന്ന് റിപബ്ലിക്കന്‍ അംഗങ്ങളാണ്. ഇതില്‍ കെൻ്റകിയുടെ തോമസ് മാസിയും, പെന്‍സില്‍വാനിയയുടെ ബ്രയാൻ ഫിറ്റ്സ്‌പാട്രിക്കും നിലപാടിലുറച്ചുനിന്നു. സൗത്ത് കരോലീന അംഗം റാൽഫ് നോർമാന് മാത്രമാണ് അവസാന നിമിഷം മനംമാറ്റമുണ്ടായത്. വൈറ്റ് ഹൗസില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു അത്. ബില്ലിന് ലഭിച്ച 218ാമത് വോട്ടും നോർമാൻ്റേതായിരുന്നു.
നമുക്ക് മുന്നേറേണ്ടതുണ്ട്, ദീനർക്കുവേണ്ടി, ദുർബലർക്കുവേണ്ടി, നിയമവാഴ്ചയ്ക്കുവേണ്ടി ജനാധിപത്യത്തിനുവേണ്ടി- മാർട്ടിന്‍ ലൂഥർ കിംഗിൻ്റെ ഈ വാചകങ്ങള്‍ ഓർമിച്ചാണ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് സഭയിലെ 8 മണിക്കൂർ 46 മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിച്ചത്. 2018ലെ നാൻസി പെലോസിയുടെ 8 മണിക്കൂർ 7 മിനിറ്റ് പ്രസംഗത്തിൻ്റെയും, 2021ലെ കെവിൻ മക്കാർത്തിയുടെ 8 മണിക്കൂർ 32 മിനിറ്റ് നീണ്ട പ്രസംഗത്തിൻ്റെയും റെക്കോർഡ് തകർത്ത് സഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമായി മാറിയത്. ബില്‍ പാസാക്കുന്നതിന് മുന്‍പ് പരമാവധി സമയം പാഴാക്കാനായിരുന്നു ഡെമോക്രാറ്റുകളുടെ ശ്രമം. പ്രതിപക്ഷനേതാവ് ഹക്കീം ജെഫ്രീസ് പ്രസംഗത്തിലുടനീളം ട്രംപിൻ്റെ ബില്ലിനെ 'ബിഗ് അഗ്ലി ബിൽ' എന്ന് ആവർത്തിച്ചുവിളിച്ചിരുന്നു.
ഹൗസ് സ്പീക്കറും റിപബ്ലിക്കന്‍ നേതാവുമായ മൈക് ജോണ്‍സന്‍ പറഞ്ഞതുപോലെ ഈ സമയമത്രയും ബില്ലിനായി കാത്തിരിക്കുകയായിരുന്നു പ്രസിഡന്‍റ് ട്രംപിൻ്റെ പേന. മുന്‍നിശ്ചയിച്ചതുപോലെ ജൂലൈ നാലിന് സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ബില്ലില്‍ ട്രംപ് ഒപ്പുവയ്ക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതിർത്തി സുരക്ഷയ്ക്കും- നാടുകടത്തലിനും അധികഫണ്ട് നീക്കിവെയ്ക്കുന്ന- പ്രതിരോധ ചെലവ് ഉയർത്തുന്ന 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍' ബില്ല് പാസാകുന്നതോടെ അടുത്തകാലത്തെ ഏറ്റവും വലിയ വിജയമാണ് ട്രംപ് നേടിയിരിക്കുന്നത്.
കോർപ്പറേറ്റ് നികുതിയില്‍ വന്‍ ഇളവുകള്‍ വാഗ്ദാനം ചെയ്ത 2017ലെ ബില്ലിനെ പൊടിതട്ടിയെടുക്കുകയാണ് ബില്ലിലൂടെ ട്രംപ്. ചെലവ് വർധിക്കുമ്പോള്‍ പകരം, വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാർക്കുള്ള ക്ഷേമപദ്ധതികളാണ്. മെഡിക് എയിഡും ഫുഡ് സ്റ്റാമ്പുകളും നിയന്ത്രിക്കുന്ന ബില്ല് അടുത്ത പത്ത് വർഷത്തിനുള്ളില്‍ 12 ദശലക്ഷം അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കും. ദേശീയ കടത്തില്‍ 3.3 ട്രില്ല്യണ്‍ ഡോളർ കൂട്ടും.