

വിദേശ വിദ്യാർഥികളെ തനിക്ക് താൽപര്യമില്ലെങ്കിലും അവർ രാജ്യത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാമ്പത്തികമായി ശക്തമായി നിലനിർത്തുന്നതിന് നല്ലതാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇത് വ്യാവസായിക വളർച്ചയ്ക്ക് സഹായകരമാണെന്നും ട്രംപ്. ഫോക്സ് ന്യൂസ് അവതാരക ലോറ ഇൻഗ്രാമിനോട് സംസാരിക്കവെയായിരുന്നു ട്രംപിൻ്റെ പരാമർശം.
അന്താരാഷ്ട്ര വിദ്യാർഥികളുടെ പ്രവേശനം വെട്ടിക്കുറയ്ക്കുന്നത് അമേരിക്കൻ സർവകലാശാലകൾക്ക് സാമ്പത്തികമായി ദോഷകരമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇത്തരം യൂണിവേഴ്സിറ്റികൾ പലതും നിലനിൽക്കുന്നത് തന്നെ വിദേശ ട്യൂഷനെ ആശ്രയിച്ചാണെന്നും ട്രംപ് ഓർമിപ്പിച്ചു.
ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ വരുത്തിയ ഗണ്യമായ കുറവ് അമേരിക്കയിലെ പകുതി കോളേജുകളുടെയും നടത്തിപ്പിന് വെല്ലുവിളിയാകുമെന്നും ട്രംപ് വാദിച്ചു. 'എനിക്കവരെ ഇവിടെ വേണ്ടതു കൊണ്ടല്ല, ഞാൻ ഇതൊരു ബിസിനസ് ആയിട്ടാണ് കാണുന്നത്'-ട്രംപ് കൂട്ടിച്ചേർത്തു
അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കാൻ ഭരണകൂടം നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ട്രംപിൻ്റെ പരാമർശം. ആയിരക്കണക്കിന് വിസകളാണ് ഇിതനകം റദ്ദാക്കപ്പെട്ടിട്ടുള്ളത്. പലസ്തീൻ അനുകൂല പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ചില വിദേശ വിദ്യാർഥികൾക്ക് അറസ്റ്റോ നാടുകടത്തലോ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.
ഈ വർഷം ആദ്യമാണ് യുഎസ് എംബസികൾക്ക് സ്റ്റുഡൻ്റ് വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിർദേശം നൽകിയത്. പിന്നീട് കർശനമായ പരിശോധനകളോടെ അവ പുനരാരംഭിക്കുകയായിരുന്നു.
മൊത്തം ബിരുദ പ്രവേശനത്തിൻ്റെ 15 ശതമാനത്തിൽ താഴെ മാത്രമായി അന്താരാഷ്ട്ര വിദ്യാർഥികളെ പരിമിതപ്പെടുത്താനും, ഒരു രാജ്യത്ത് നിന്നുള്ള 5 ശതമാനത്തിൽ കൂടുതൽ വിദ്യാർഥികളെ അനുവദിക്കാതിരിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിയാണ് ഭരണകൂടം നിർദേശിച്ചിട്ടുള്ളത്. എന്നാൽ രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്ഥാപനങ്ങൾ ഈ നടപടിയ്ക്കെതിരെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.