

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖഷോഗിയുടെ കൊലപാതകത്തെ കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന് ഒന്നും അറിയില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ സൗദി കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ വാദം. കൂടിക്കാഴ്ചയില്‍ സൗദി അറേബ്യയുമായി സിവിലിയന്‍ ആണവകരാറിനും എഫ്-35 ജെറ്റുകളുടെ വില്‍പ്പനയ്ക്കും അംഗീകാരം നല്‍കി.
2018 ഒക്ടോബര്‍ 2 നാണ് തുര്‍ക്കിയിലെ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് സൗദി മാധ്യമപ്രവര്‍ത്തകനും വിമതനുമായിരുന്ന ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. സൗദി രാജകുടുംബത്തിന്റേയും മുഹമ്മദ് ബിന്‍ സല്‍മാന്റേയും ശക്തനായ വിമര്‍ശകനായിരുന്നു ഖഷോഗി. വാഷിങ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റായിരുന്നു അദ്ദേഹം.
സൗദി സര്‍ക്കാരിന്റെ 15 അംഗ ഏജന്റുമാര്‍ ഖഷോഗിയെ ആക്രമിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്‌തെന്നാണ് ആരോപണം. മൃതദേഹം കഷണങ്ങളാക്കി രഹസ്യമായി മറവ് ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് ബിന്‍ സല്‍മാന്റെ അറിവോടെയാണ് കൊലപാതകം എന്നായിരുന്നു യുഎസ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.
ഇതിനു വിരുദ്ധമായാണ് ട്രംപിന്റെ പുതിയ പ്രസ്താവന. മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയപ്പോഴായിരുന്നു ട്രംപിന്റെ മലക്കംമറിച്ചില്‍. മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ജമാല്‍ ഖഷോഗിയെ കുറിച്ച് ചോദിക്കുകയായിരുന്നു.
ചോദ്യത്തില്‍ പ്രകോപിതനായി ട്രംപാണ് മറുപടി നല്‍കിയത്. ജമാല്‍ ഖഷോഗിയെ ഒരുപാട് ആളുകള്‍ക്ക് ഇഷ്ടമല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. നിങ്ങള്‍ അയാളെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സംഭവിക്കാനുള്ളത് സംഭവിച്ചു. പക്ഷെ, മുഹമ്മദ് ബിന്‍ സല്‍മാന് അതിനെ കുറിച്ച് ഒന്നും അറിയില്ല. ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് തന്റെ അതിഥിയെ അപമാനിക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു.
ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിനു ശേഷം ആദ്യമായാണ് സൗദി കിരീടാവകാശി യുഎസില്‍ എത്തുന്നത്. ഖഷോഗിയുടെ കൊലപാതകത്തിനു ശേഷം യുഎസ്-സൗദി ബന്ധത്തിലും വിള്ളലുണ്ടായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്തിരുന്നുവെന്നുമായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതികരണം. അമേരിക്കയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ നിക്ഷേപങ്ങള്‍ നടത്തുമെന്നാണ് സൗദി കിരീടാവകാശിയുടെ വാഗ്ദാനം.