

2026 ലോകകപ്പിന് ടിക്കറ്റുള്ളവര്‍ക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് വിസകള്‍ പുറത്തിറക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അമേരിക്കയിലേക്കുള്ള പ്രവേശനത്തിന് ഇത് ഒരു ഉറപ്പുമല്ലെന്നും ട്രംപ് വ്യക്തമാക്കി.
അടുത്ത വര്‍ഷം അമേരിക്ക, കാനഡ, മെക്‌സിക്കോ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് ഉടമകള്‍ക്ക് വിസ നടപടികള്‍ വേഗത്തിലാക്കുന്നതിനായാണ് പുതിയ നടപടി. ഫിഫ പാസ് പുതിയ വിസയല്ലെന്നും മറിച്ച് നിലവിലുള്ള യുഎസ് വിസ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സംവിധാനമാണ്.
ഫിഫ വഴി ലോകകപ്പ് ടിക്കറ്റുകള്‍ വാങ്ങിയവര്‍ക്ക് യു.എസ്. എംബസിയിലോ കോണ്‍സുലേറ്റിലോ വിസ അഭിമുഖത്തിനായി മുന്‍ഗണനയുള്ള അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ആണ് ഫിഫ പാസ് വാഗ്ദാനം ചെയ്യുന്നത്. വിസ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
അതേസമയം, മറ്റ് യാത്രക്കാര്‍ക്ക് നല്‍കുന്ന അതേ കര്‍ശന പരിശോധനകള്‍ക്ക് ഫിഫ പാസുള്ളവരും വിധേയരാകും. ലോകകപ്പ് ആരാധകര്‍ക്ക് സാധാരണയായി എടുക്കുന്ന വിസ അഭിമുഖത്തിനുള്ള വലിയ കാലതാമസം ഈ സംവിധാനം വഴി 60 ദിവസത്തില്‍ താഴെയായി കുറയ്ക്കാന്‍ കഴിയുമെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.
ഇതിനായി എത്രയും വേഗം അപേക്ഷ നല്‍കണമെന്നും ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ച് മുതല്‍ പത്ത് ദശലക്ഷം ഫുട്‌ബോള്‍ പ്രേമികള്‍ അടുത്ത വര്‍ഷം അമേരിക്കയില്‍ എത്തുമെന്നാണ് കരുതുന്നത്.
ഫിഫ പാസിനെ കുറിച്ച്:
യുഎസ് വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെ വേഗത്തിലാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഫിഫ പാസ്.
ഇതൊരു പുതിയ വിസ അപേക്ഷ ഫോം അല്ല. നിങ്ങള്‍ക്ക് ലോകകപ്പ് ടിക്കറ്റുണ്ടെങ്കില്‍ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്ന പ്രക്രിയയുടെ ചില ഭാഗങ്ങളില്‍ നിങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും.