വാഷിംഗ്ടൺ: വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ യുഎസ്. യൂറോപ്യൻ എതിർപ്പുകൾ അവഗണിച്ച് തന്ത്രപ്രധാനമായ ദ്വീപായ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനായി യുഎസ് സൈന്യത്തെ ഉപയോഗിക്കുന്നത് അടക്കം നിരവധി മാര്‍ഗങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ദേശീയ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനാണ് ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കുന്നതിനെ ട്രംപ് നോക്കി കാണുന്നത്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള നിരവധി മാർഗങ്ങൾ യുഎസ് പ്രസിഡന്റും സംഘവും ചർച്ച ചെയ്യുന്നുണ്ട്. യുഎസ് സൈന്യത്തെ ഉപയോഗപ്പെടുത്തുക എന്നത് കമാൻഡർ-ഇൻ-ചീഫിന്റെ ഒരു ഓപ്ഷനാണെന്നും വൈറ്റ് ഹൗസ് വിശദികരിച്ചു.
ഗ്രീൻലാൻഡ് പിടിച്ചെടുക്കുക എന്നത് അത്യന്താപേക്ഷിതമാണെന്ന് മുന്നേ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ യുഎസിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഗ്രീൻലാൻഡ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇതിനെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. നാറ്റോ അംഗമായ ഡെന്‍മാര്‍കിന്റെ ഒരു അര്‍ധസ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് അവിടുത്തെ മനുഷ്യരുടേതാണ്. അവരുടെ കാര്യങ്ങള്‍ ഡെന്‍മാര്‍കും ഗ്രീന്‍ലാന്‍ഡും മാത്രമേ തീരുമാനിക്കുകയുള്ളു എന്നാണ് യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
പരമാധികാരം, പ്രാദേശിക സമഗ്രത, അതിര്‍ത്തികളുടെ ലംഘനമില്ലായ്മ തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ തത്വങ്ങള്‍ പാലിക്കണമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഈ പ്രസ്താവനയെ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡെറിക് നെയില്‍സണ്‍ സ്വാഗതം ചെയ്തിരുന്നു. അതേസമയം യുഎസിൻ്റെ സുരക്ഷയ്ക്ക് വേണ്ടി ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കണം എന്ന ട്രംപിൻ്റെ വാദത്തെ എതിർത്ത് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണ്‍ രംഗത്തെത്തിയിരുന്നു. യുഎസിൻ്റെ ഏതൊരു ആക്രമണവും നാറ്റോയുടെ അന്ത്യത്തിലേക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്.
ദീർഘകാല സഖ്യകക്ഷിയായ ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ യുഎസ് സൈന്യം തീരുമാനിച്ചാൽ അത് നാറ്റോ സഖ്യത്തിൽ വിള്ളൽ വീഴ്ത്തുകയും ട്രംപും യൂറോപ്യൻ നേതാക്കളും തമ്മിലുള്ള ഭിന്നത കൂടുതൽ ആഴത്തിലാക്കുകയും ചെയ്യും. എന്നാൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കുക എന്ന പദ്ധതിയിൽ നിന്നും ഈ എതിർപ്പുകളൊന്നും ട്രംപിനെ പിന്തിരിപ്പിച്ചിട്ടില്ല. 2019ൽ ആദ്യമായി ഭരണത്തിലെത്തിയത് മുതൽ ഗ്രീൻലാൻഡിൽ ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
ഗ്രീൻലാൻഡ് പൂർണമായും വാങ്ങുകയോ ആ പ്രദേശവുമായി ഒരു സ്വതന്ത്ര സഹകരണ കരാർ രൂപീകരിക്കുകയോ ചെയ്യുക എന്നതാണ് ട്രംപ് ലക്ഷ്യമിടുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിലൂടെ പ്രതിരോധം അടക്കമുള്ള നിരവധി ലക്ഷ്യങ്ങൾ ട്രംപിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആർട്ടിക് മേഖലയിലെ മഞ്ഞുരുക്കം മൂലം പുതിയ കപ്പൽ പാതകൾ തുറക്കാൻ കാരണമായിട്ടുണ്ട്. യൂറോപ്പും ഏഷ്യയും തമ്മിലുള്ള യാത്രാദൂരം പകുതിയോളം കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ ലിഥിയം, ഗ്രാഫൈറ്റ്, നിയോഡൈമിയം തുടങ്ങിയ അപൂർവ ധാതുക്കളുടെ വൻ ശേഖരവും ഗ്രീൻലാൻഡിലുണ്ട്. ഹൈടെക് ഉപകരണങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും നിർമാണത്തിന് ഈ ധാതുക്കൾ അനിവാര്യമാണ്. നിലവിൽ ഇതിന്റെ വിപണി നിയന്ത്രിക്കുന്ന ചൈനയെ മറികടക്കാൻ ഗ്രീൻലാൻഡ് സ്വന്തമാക്കുക എന്നത് ട്രംപിന്റെ ബിസിനസ് ബുദ്ധി കൂടിയാണ്.