

വാഷിങ്ടണ്‍: അമേരിക്കയ്ക്ക് എണ്ണ നല്‍കുമെന്ന് വെനസ്വേലന്‍ ഇടക്കാല സര്‍ക്കാര്‍ അറിയിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 30 മുതല്‍ 50 ദശലക്ഷം ബാരല്‍ എണ്ണ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
വിപണി വിലയ്ക്കായിരിക്കും ഉയര്‍ന്ന നിലവാരമുള്ള എണ്ണ യുഎസിന് നല്‍കുക. എണ്ണ വില്‍പ്പനയിലൂടെ വെനസ്വേലയ്ക്ക് ലഭിക്കുന്ന പണം അമേരിക്ക നിയന്ത്രിക്കും എന്നു കൂടി ട്രംപ് പറയുന്നു.
"ലഭിക്കുന്ന പണം അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ എന്റെ നിയന്ത്രണത്തിലായിരിക്കും. വെനസ്വേലയിലേയും അമേരിക്കയിലേയും ജനങ്ങളുടെ 'ക്ഷേമ'ത്തിനായി ഈ പണം ഉപോയിക്കും. പദ്ധതി ഉടന്‍ നടപ്പാക്കാന്‍ ഊര്‍ജ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റോറേജ് കപ്പലുകള്‍ വഴി ഈ എണ്ണ നേരിട്ട് അമേരിക്കയിലെ അണ്‍ലോഡിംഗ് ഡോക്കുകളില്‍ എത്തിക്കും". ട്രംപ് വ്യക്തമാക്കി.
വെനസ്വേലയുടെ ആത്യന്തിക ചുമതല തനിക്കാണെന്നാണ് ട്രംപിന്റെ വാദം. വെനസ്വേലയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും രാജ്യവുമായി യുഎസ് യുദ്ധത്തിലല്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജനുവരി 3 നാണ് 'ഓപ്പറേഷന്‍ അബ്‌സൊല്യൂട്ട് റിസോള്‍വ്' ലൂടെ അമേരിക്കന്‍ സൈന്യം വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും കസ്റ്റഡിയിലെടുത്തത്. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലുള്ള മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് മഡൂറോ ഇപ്പോള്‍ ഉള്ളത്.
മയക്കുമരുന്ന് കടത്ത്, ആയുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജനുവരി 5-ന് അദ്ദേഹത്തെ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയില്‍ അദ്ദേഹം കുറ്റസമ്മതിച്ചില്ല. മാര്‍ച്ച് 17 നാണ് അടുത്ത വാദം കേള്‍ക്കല്‍.
മഡൂറോയെ യുഎസ് അന്യായമായി കടത്തിക്കൊണ്ടു പോയതിനു പിന്നാലെ, ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെടുത്തിരുന്നു. വന്‍ ഭീഷണിയാണ് ഇടക്കാല സര്‍ക്കാരിന് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതിനു പിന്നാലെയാണ് എണ്ണ നല്‍കാമെന്ന് വെനസ്വേല സമ്മതിച്ചതും.