

ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളില്‍ ഒന്നാണ് വെനസ്വേല. ലഹരിമരുന്നിനെതിരെയുള്ള പോരാട്ടം എന്നാണ് നിക്കോളാസ് മഡൂറോയ്‌ക്കെതിരായ സൈനിക നടപടിയെ ഡൊണാള്‍ഡ് ട്രംപ് പറയുന്നതെങ്കിലും വിശാലമായ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടുള്ള അധിനിവേശമാണ് നടന്നതെന്ന് വ്യക്തമാണ്.
പകരം സംവിധാനം വരുന്നതു വരെ വെനസ്വേലയെ യുഎസ് ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ച ട്രംപിന്റെ അടുത്ത പ്രസ്താവന വെനസ്വേലന്‍ എണ്ണ മേഖലയിലേക്ക് യുഎസ് കമ്പനികള്‍ വരും എന്നായിരുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അമേരിക്കയ്ക്ക് തൊടാന്‍ കിട്ടാത്ത വെനസ്വേലയിലെ എണ്ണപ്പാടങ്ങളും, ലാറ്റിനമേരിക്കയിലാകെ വര്‍ദ്ധിച്ചുവരുന്ന ചൈനയുടേയും റഷ്യയുടേയും സ്വാധീനവുമാണ് അമേരിക്കയുടെ ഈ പുത്തന്‍ അധിനിവേശത്തിന് കാരണമെന്നാണ് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.
അമേരിക്കന്‍ എണ്ണകമ്പനികള്‍ വെനസ്വേലയില്‍ നിന്നും പണമുണ്ടാക്കും എന്നും ട്രംപ് ഇതിനിടെ നിലപാട് വ്യക്തമാക്കിയിരുന്നു. 'മോഷണം പോയ എണ്ണ തിരിച്ചുപിടിക്കും' എന്നാണ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വ്യക്തമാക്കിയത്. എണ്ണ വിപണിയില്‍ നിന്ന് വെനസ്വേലയ്ക്കുണ്ടായിരുന്ന ലാഭവും നിയന്ത്രണവും ഇനി അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും എന്നതിന്റെ സൂചനയാണ്.
എണ്ണയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് വെനസ്വേലയുടെ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇതിനായി എണ്ണ ഉല്‍പ്പാദനത്തിന്റെ നിയന്ത്രണം ഒരു താല്‍ക്കാലിക സമിതിയെ ഏല്‍പ്പിച്ചേക്കും. മഡൂറോ ഭരണകാലത്ത് വെനസ്വേലന്‍ എണ്ണമേഖലയില്‍ ചൈനയ്ക്കും റഷ്യയ്ക്കുമുണ്ടായിരുന്ന സ്വാധീനവും ഇല്ലാതാക്കും. ഈ രാജ്യങ്ങളുമായുള്ള എണ്ണക്കരാറുകള്‍ റദ്ദാക്കി അമേരിക്കന്‍ നിയന്ത്രണത്തിലേക്ക് മാറ്റുക എന്നത് ഒരു പ്രധാന തന്ത്രമാണ്.
ചുരുക്കത്തില്‍, വെനസ്വേലയുടെ ഭരണം അമേരിക്ക ഏറ്റെടുക്കുന്നതിലൂടെ അവിടുത്തെ എണ്ണസമ്പത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം തങ്ങളുടെ കൈപ്പിടിയിലൊതുക്കുക എന്ന സാമ്പത്തിക ലക്ഷ്യവും ഈ സൈനിക നീക്കത്തിന് പിന്നിലുണ്ട്.