വാഷിങ്ടൺ: വെനസ്വേലയുടെ പുതിയ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് മുന്നറിയുപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേല ഭരണകൂടം കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ അനുവദിക്കുന്നതിന് മുമ്പ് ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നിവയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കമെന്ന് ട്രംപ് ആഗ്രഹിക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എണ്ണ ഉൽപാദനത്തിൽ വെനിസ്വേല യുഎസുമായി മാത്രം പങ്കാളിത്തം സ്ഥാപിക്കണമെന്നും ക്രൂഡ് ഓയിൽ വിൽക്കുമ്പോൾ യുഎസിനെ അനുകൂലിക്കണമെന്നും ട്രംപ് ആഗ്രഹിക്കുന്നുവെന്നാണ് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
വെനസ്വേലയുടെ നിലവിലുള്ള എണ്ണ ടാങ്കറുകൾ നിറഞ്ഞിരിക്കുന്നതിനാൽ യുഎസിന് സമ്മർദം ചെലുത്താൻ കഴിയുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. യുഎസ് ഉപരോധം മൂലം സംഭരണശേഷി തീർന്നുപോയതിനാൽ എണ്ണ ഉൽപാദനം നിലനിർത്താൻ വെനസ്വേലയ്ക്ക് കഴിയുന്നില്ലെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ ഡിസംബർ അവസാനത്തോടെ എണ്ണ പാടങ്ങൾ അടച്ചുപൂട്ടാൻ തുടങ്ങിയതായും കൂടുതൽ അടച്ചുപൂട്ടലുകൾ വെനസ്വേലയുടെ സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വെനസ്വലയിൽ നിന്നും രണ്ട് ബില്യൺ ഡോളറിൻ്റെ ക്രൂഡ് ഓയിൽ യുഎസിലേക്ക് കയറ്റുമതി ചെയ്യാനുള്ള കരാറിലേക്ക് എത്തിയെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. 30 മുതല്‍ 50 ദശലക്ഷം ബാരല്‍ എണ്ണ നല്‍കുമെന്ന് വെനസ്വേല ഇടക്കാല സര്‍ക്കാര്‍ അറിയിച്ചതായാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയത്. വെനസ്വേലയുടെ എണ്ണ വ്യവസായത്തിൽ യുഎസിനും സ്വകാര്യ കമ്പനികൾക്കും പൂർണ അധികാരം നൽകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
എണ്ണയിൽ നിന്നുള്ള വരുമാനം അമേരിക്ക നിയന്ത്രിക്കും, വരുമാനത്തിൽ നിന്നും ലഭിക്കുന്ന പണം ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഈ പദ്ധതി ഉടൻ നടപ്പിലാക്കാൻ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംഭരണ കപ്പലുകൾ കൊണ്ടുപോയി നേരിട്ട് യുഎസ് തുറമുഖങ്ങളിലേക്ക് അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഒരു വിദേശ ശക്തിയും തൻ്റെ രാജ്യം ഭരിക്കുന്നില്ലെന്ന് വെനിസ്വല ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗ്രസ് പറഞ്ഞു.