ടിയാൻജിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പ്രതിനിധി തല ചർച്ചകളുടെ ആമുഖ പ്രസംഗത്തില്‍ ഇന്ത്യ-ചൈന ബന്ധം വളരേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ലോകം പരിവർത്തനത്തിലേക്ക് നീങ്ങുകയാണെന്നും ഏറ്റവും ജനസംഖ്യയുള്ള ഇരു രാജ്യങ്ങളും ഒന്നിച്ചു നീങ്ങേണ്ടത് അനിവാര്യമാണെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി.
"ചൈനയും ഇന്ത്യയും ഏറ്റവും വലിയ രണ്ട് നാഗരികതകളാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും ആഗോള ദക്ഷിണ മേഖലയുടെ ഭാഗവുമാണ് നമ്മൾ... സുഹൃത്തുക്കളായിരിക്കുക, നല്ല അയൽക്കാരൻ ആയിരിക്കുക, വ്യാളിയും ആനയും ഒന്നിച്ചുവരേണ്ടത് അത്യന്താപേക്ഷിതമാണ്..." ഷി തന്റെ പ്രാരംഭ പ്രസംഗത്തില്‍ പറഞ്ഞു.
ഈ വർഷം ചൈന-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികമാണെന്ന് ഷി ജിന്‍പിങ് ഓർമപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരവും ദീർഘകാലവുമായ വീക്ഷണകോണിൽ നിന്ന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ബഹുരാഷ്ട്രവാദം, ബഹുധ്രുവ ലോകം, അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ കൂടുതൽ ജനാധിപത്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും ഏഷ്യയിലും ലോകമെമ്പാടും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമുള്ള ചരിത്രപരമായ ഉത്തരവാദിത്തങ്ങളിലേക്ക് ഇരു രാജ്യങ്ങളും മുന്നേറണമെന്നും ഷി ജിന്‍പിങ് കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഷി ജിന്‍പിങ് അറിയിച്ചു. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് മോദിയും വ്യക്തമാക്കി.
ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ് മോദി- ഷി കൂടിക്കാഴ്ച. അതിർത്തി സംഘർഷങ്ങള്‍ക്ക് ശേഷം "സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം" സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിൽ ഉണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെയാണ് മോദിയുടെ ചൈന സന്ദർശനം.