ടിയാന്‍ജിന്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നയതന്ത്ര കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ഉഭയകക്ഷി ചർച്ചയില്‍ മോദി അറിയിച്ചു.
ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ് ഷിയുമായുള്ള കൂടിക്കാഴ്ച. അതിർത്തി സംഘർഷങ്ങള്‍ക്ക് ശേഷം "സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം" സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
"കഴിഞ്ഞ വർഷം കസാനിൽ ഞങ്ങൾ വളരെ ഫലപ്രദമായ ചർച്ചകൾ നടത്തിയിരുന്നു. അത് ഞങ്ങളുടെ ബന്ധത്തിന് ഒരു നല്ല ദിശാബോധം നൽകി. അതിർത്തി സംഘർഷങ്ങള്‍ അവസാനിച്ചതിനു ശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു," മോദി പറഞ്ഞു. കൈലാസ് മാനസസരോവർ യാത്രയും ഇരു രാജ്യങ്ങള്‍ക്കിടയില്‍ നേരിട്ടുള്ള വിമാന സർവീസുകളും പുനഃരാരംഭിച്ചുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
"ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങൾ നമ്മുടെ സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കും," മോദി പറഞ്ഞു.
ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിൽ ഉണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെയാണ് മോദിയുടെ ചൈന സന്ദർശനം.
20 വിദേശരാജ്യ നേതാക്കളാണ് എസ്‌സിഒ പ്ലസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 10 അംഗ കൂട്ടായ്മയുടെ ഈ വർഷത്തെ റൊട്ടേഷൻ ചെയർമാനാണ് ചൈന. ചൈനയ്ക്കും ഇന്ത്യയ്ക്കും പുറമേ, റഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ് എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.