ന്യൂയോര്‍ക്ക്: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കായി റെക്കോർഡ് തുക ചെലവഴിച്ചത് 'തീർത്തും മണ്ടത്തരമായി' എന്ന് തോന്നുന്നതായി ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബുധനാഴ്ച ന്യൂയോർക്ക് ടൈംസ് ഡീൽബുക്ക് ഉച്ചകോടിയിൽ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കവെയാണ് മസ്കിന്റെ ഈ തുറന്നുപറച്ചിൽ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പാർട്ടിയെ പിന്തുണയ്ക്കാനായി 446 മില്യൺ ഡോളർ സംഭാവന നൽകിയ മസ്ക്, ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വ്യക്തിഗത ദാതാവായിരുന്നു. താൻ ട്രംപിന്‍റെ 'മാഗ' അഥവ അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ പ്രസ്ഥാനത്തിന്റെ ഭാഗമല്ലെന്നും റിപ്പബ്ലിക്കൻ നയങ്ങളോട് അന്ധമായ വിധേയത്വം തനിക്കില്ലെന്നും മസ്ക് വ്യക്തമാക്കി.
താൻ ചെലവഴിച്ച പണത്തിന് അനുസരിച്ചുള്ള ഫലം തിരഞ്ഞെടുപ്പിൽ കാണാനായില്ലെന്ന് മസ്ക് സമ്മതിച്ചു. എങ്കിലും ഈ പണം മുടക്കിയില്ലായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ അവസ്ഥ ഇതിലും മോശമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന്റെ തുടക്കത്തിൽ സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കാനുള്ള 'ഡോജ്' വിഭാഗത്തിന്റെ തലവനായും പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവായും മസ്ക് പ്രവർത്തിച്ചിരുന്നു. ഒക്ടോബറിൽ പെന്റഗണിന്റെ 'പ്രോജക്റ്റ് മെറിഡിയൻ' എന്ന ഭാവി യുദ്ധതന്ത്ര പഠനത്തിന്റെ സഹ നേതാവായും അദ്ദേഹത്തെ നിയമിച്ചിരുന്നു.
എന്നാൽ ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലും (ഡെമോക്രാറ്റുകൾ ആധിപത്യം നേടിയത് മസ്കിന്റെ ബിസിനസ് താല്പര്യങ്ങൾക്ക് വലിയ വെല്ലുവിളിയായേക്കും. ടെക് കമ്പനികളുടെ ഡാറ്റാ സെന്ററുകൾക്കും നികുതി ഇളവുകൾക്കും എതിരെ കർശന പരിശോധന നടത്തുമെന്ന് ഡെമോക്രാറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സിന് ഡാറ്റാ സെന്ററുകളുള്ള ജോർജിയയിൽ പുതിയ ഡെമോക്രാറ്റിക് ഗവർണർ ഇത്തരം നിർമ്മാണങ്ങൾക്കും നികുതി ഇളവുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം സ്‌പേസ് എക്‌സിന് ലഭിച്ച ഏകദേശം 10 ബില്യൺ ഡോളറിന്റെ സർക്കാർ കരാറുകളെക്കുറിച്ച് അന്വേഷണം വേണമെന്നും ഡെമോക്രാറ്റിക് നിയമസഭാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും പ്രധാന കേന്ദ്രമായ ടെക്സാസിൽ മസ്ക് വൻതോതിൽ പണമിറക്കിയിട്ടും റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. ടെക്സാസ് സെനറ്റ് സീറ്റിൽ മസ്ക് കുറഞ്ഞത് 45 മില്യൺ ഡോളർ ചെലവഴിച്ച് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജെയിംസ് തലറിക്കോ പരാജയപ്പെടുത്തി. കൂടാതെ, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട റിപ്പബ്ലിക്കൻ ഭരണം അവസാനിപ്പിച്ച് ഡെമോക്രാറ്റ് നേതാവ് ജിന ഹിനോജോസ, റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ടിനെ പരാജയപ്പെടുത്തി ടെക്സാസ് ഗവർണറായി. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജിന ഹിനോജോസയെ പ്രശംസിച്ച മസ്ക്, അവർ ഒരു തീവ്ര ഇടതുപക്ഷ ഗവർണറല്ലെന്നും മിതവാദിയായതിനാൽ ടെക്സാസിൽ കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.