

ന്യൂയോർക്ക് മേയറുടെ വസതിയ്ക്ക് മുന്നിൽ ശനിയാഴ്ച നടത്തിയ പ്രകടനത്തിനിടെ സ്ഫോടക വസ്തുക്കൾ വലിച്ചെറിഞ്ഞതിനെ തുടർന്ന് 3 പേരെ അറസ്റ്റ് ചെയ്തു. നട്ടുകൾ, ബോൾട്ടുകൾ, സ്ക്രൂകൾ എന്നിവയും ഫ്യൂസും അടങ്ങിയിട്ടുള്ള സ്ഫോക വസ്തുക്കളാണ് വീടിന് നേരെ വലിച്ചെറിഞ്ഞത്. എന്നാൽ ഇവ പ്രവർത്തനക്ഷമമായ സ്ഫോടകവസ്തുക്കളാണോ അതോ വ്യാജ അനുകരണങ്ങളാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവം നടക്കുന്ന സമയത്ത് മംദാനി വീട്ടിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
തീവ്ര വലതുപക്ഷ പക്ഷക്കാരനായ ജെയ്ക്ക് ലാങും ഇയാളുമായി ബന്ധമുള്ള വ്യക്തികളും ചേർന്നാണ് പൊതു ഇടങ്ങളിലെ മുസ്ലീം പ്രാർഥനയെയും ,ഇസ്ലാമികവൽക്കരണത്തേയും എതിർക്കുന്ന പ്രതിഷേധം സൊഹ്‌റാൻ മംദാനിയുടെ വസതിയായ ഗ്രേസി മാൻഷന് മുന്നിൽ നടത്തിയത്. 20 ഓളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
എന്നാൽ പ്രതിഷേധക്കാരല്ല സ്ഫോടക വസ്തു എറിഞ്ഞതെന്നും പ്രതിഷേധക്കാർക്കെതിരെ പ്രതിഷേധിച്ച മറ്റൊരു സംഘത്തിലെ ആളാണ് പ്രതിഷേധക്കാർക്കെതിരെ സ്ഫോടന വസ്തു എറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ലാങിൻ്റെ ഗ്രൂപ്പിലുണ്ടായിരുന്ന പ്രതിഷേധക്കാരൻ എതിർ ഗ്രൂപ്പിലെ പ്രതിഷേധക്കാർക്കെതിരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു.
കലാപക്കേസിലെ പ്രതിയായിരുന്ന ജെയ്ക്ക് ലാങ് ട്രംപ് അധികാരത്തിലേറിയ ശേഷം പ്രത്യേക ഇളവ് ലഭിച്ച് ജയിലിന് പുറത്തിറങ്ങുകയായിരുന്നു. നിലവിൽ ഫ്ലോറിഡയിൽ നിന്നും സെനറ്റിലേക്ക് മത്സരിക്കാനൊരുങ്ങുന്ന ഇയാൾ ജനസമ്മതി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്.