
ആറ് പതിറ്റാണ്ടുകള്‍ക്കുശേഷം ഐക്യരാഷ്ട്ര സഭയില്‍ സിറിയയുടെ ശബ്ദം. സിറിയന്‍ പ്രസിഡന്റ് അഹ്‌മദ് അല്‍ ഷാരയാണ് പൊതുസഭയെ അഭിസംബോധന ചെയ്തത്. 1967ല്‍ പ്രസിഡന്റായിരുന്ന നൂറുദ്ദീന്‍ അത്താസിയാണ് ആദ്യമായി യുഎന്നില്‍ പ്രസംഗിച്ചത്. അതിനുശേഷം യുഎന്നില്‍ സിറിയയുടെ ശബ്ദം മുഴങ്ങിയിട്ടില്ല. ബാഷര്‍ അല്‍ അസദ് ഭരണം വീണതോടെയാണ്, യുഎന്നില്‍ പ്രസംഗിക്കുന്ന രണ്ടാമത്തെ സിറിയന്‍ പ്രസിഡന്റായി അഹ്‌മദ് അല്‍ ഷാര ചരിത്രമെഴുതിയത്.
യുഎന്‍ ലോക നേതാക്കളുടെ വാർഷിക സമ്മേളനത്തെയാണ് അഹ്‌മദ് അല്‍ ഷാര അഭിസംബോധന ചെയ്തത്. പത്ത് ലക്ഷത്തോളം ആളുകളെ കൊല്ലുകയും ലക്ഷക്കണക്കിനാളുകളെ പീഡിപ്പിക്കുകയും ചെയ്ത ആറ് പതിറ്റാണ്ടിന്റെ സ്വേച്ഛാധിപത്യത്തിനു ശേഷം സിറിയ അന്താരാഷ്ട്ര സമൂഹത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് അഹ്‌മദ് അല്‍ ഷാര പറഞ്ഞു. ലോകരാഷ്ട്രങ്ങൾക്കിടയിൽ സിറിയ അതിന്റെ ശരിയായ സ്ഥാനം വീണ്ടെടുക്കുകയാണെന്നും അഹ്‌മദ് അല്‍ ഷാര കൂട്ടിച്ചേര്‍ത്തു. സിറിയന്‍ നഗരങ്ങളില്‍ കൂറ്റന്‍ സ്ക്രീനുകളില്‍ പ്രസംഗം തത്സമയം കാണിച്ചു. ദേശീയപതാകയുമേന്തി നൂറുകണക്കിന് ആളുകളാണ് പ്രസംഗം കേള്‍ക്കാനെത്തിയത്.
1966-70 കാലത്ത് പ്രസിഡന്റായിരുന്ന നൂറുദ്ദീന്‍ അത്താസി, ഗൊലാന്‍ കുന്നുകളുടെ നിയന്ത്രണം നഷ്ടപ്പെട്ട അറബ്-ഇസ്രയേൽ യുദ്ധത്തിനു തൊട്ടുപിന്നാലെയായിരുന്നു യുഎന്നില്‍ പ്രസംഗിച്ചത്. 1970ല്‍ അത്താസിയെ അട്ടിമറിച്ചുകൊണ്ട് ബാഷര്‍ അല്‍ അസദ് ഭരണത്തിലേറിയതിനു പിന്നാലെ യുഎന്നുമായുള്ള സിറിയയുടെ ബന്ധം മുറിഞ്ഞു. കഴിഞ്ഞ ഡിസംബറില്‍, അല്‍ ഷാരയുടെ നേതൃത്വത്തിലുള്ള സംഘം അസദിന്റെ സ്വേച്ഛാധിപത്യ ഭരണത്തെ തൂത്തെറിഞ്ഞുകൊണ്ട് അധികാരമേറി. ഒന്നര പതിറ്റാണ്ടോളമെത്തിയ ആഭ്യന്തരയുദ്ധത്തിന് കൂടിയാണ് അതോടെ അറുതിയായത്. അറബ് രാജ്യങ്ങളുമായും പാശ്ചാത്യ രാജ്യങ്ങളുമായും മികച്ച ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് അല്‍ ഷാര.