റഷ്യക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വ്ളാഡിമർ സെലൻസ്കി. യു എൻ പൊതുസഭയിൽ സംസാരിക്കുന്നതിനിടെയാണ് സെലൻസ്കി ഇക്കാര്യം ആവശ്യപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് . ആര് അതിജീവിക്കണം എന്ന് നിർണയിക്കുന്നത് ആയുധങ്ങളാണ് . രാജ്യങ്ങളുടെ പരമാധികാരം അന്താരാഷ്ട്ര നിയമങ്ങൾക്ക് മാത്രം സംരക്ഷിക്കാനാകില്ല . യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ഉദ്ദേശിക്കുന്നില്ലെന്നും സെലൻസ്കി കുറ്റപ്പെടുത്തി.
റഷ്യയുടെ ആക്രമണം യുക്രെയ്‌നിൽ മാത്രം ഒതുങ്ങില്ലെന്ന് പറഞ്ഞ സെലൻസ്‌കി, റഷ്യയെ ഇപ്പോൾ തടഞ്ഞില്ലെങ്കിൽ കൂടുതലിടത്തേക്ക് അധിനിവേശം പടരുമെന്ന മുന്നറിയിപ്പും നൽകി. യുക്രെയ്‌നിൽ വെടിനിർത്തൽ സാധ്യമാകാത്തത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വിസമ്മതിക്കുന്നത് കൊണ്ടാണെന്നും സെലൻസ്‌കി ആരോപിച്ചു.
പോളണ്ട്, എസ്റ്റോണിയ എന്നിവിടങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ റഷ്യൻ ഡ്രോണുകൾ ആക്രമണം നടത്തിയകാര്യം ചൂണ്ടിക്കാട്ടിയ സെലൻസ്‌കി, ഇത് യൂറോപിന് വെല്ലുവിളിയാണെന്ന സൂചന. യുക്രെയ്നു മുമ്പിൽ മറ്റ് വഴികളില്ലെന്നും അതുകൊണ്ടു പോരാടുകയാണെന്നും സെലൻസ്കി പറഞ്ഞു. യുദ്ധത്തിനിടെ സഹായിച്ച അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യുക്രൈൻ പ്രസിഡന്റ് നന്ദി അറിയിച്ചു.