
പലസ്തീൻ പ്രശ്നത്തിൽ നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ ചേരുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്. ഗാസയിൽ വെടിനിർത്തൽ ഉടൻ നടപ്പാക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും, ഹമാസിനെ നിരായുധീകരിക്കുകയും വേണം. ഗാസയെ പുനർനിർമിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇതോടെ പ്രധാനപ്പെട്ട ലോക ശക്തികൾ ഉൾപ്പെടുന്ന ജി7 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പലസ്തീനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറും.
ഇസ്രയേലിനെ പൂർണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വദേശത്ത് നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായി മറ്റു മാർഗങ്ങളില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു. എന്നാൽ ഫ്രാൻസിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായാണ് ഇസ്രയേൽ പ്രതികരിച്ചത്. ഫ്രാൻസ് ഭീകരവാദത്തെ സഹായിക്കുകയാണെന്നും മറ്റൊരു ഇറാൻ പ്രോക്‌സിയെ ഉണ്ടാക്കുകയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെയുള്ള ഒരു രാജ്യമായിരിക്കും പലസ്തീൻ എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.