

ടെൽ അവീവ്: ഇസ്രയേലിൻ്റെ പ്രധാനമന്ത്രി പദത്തിന്മേൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി റൊട്ടേഷൻ വ്യവസ്ഥയിൽ ധാരണയുണ്ടാക്കിയെന്ന റിപ്പോർട്ട് നിഷേധിച്ച് എതിര്‍കക്ഷിയായ യാഷര്‍ നേതാവ് ഗാദി ഐസൻകോട്ട്. ലിക്കൂഡ് പാർട്ടിക്ക് സർക്കാരിൽ ചേരാമെന്ന് മാത്രമാണ് പറഞ്ഞതെന്നും, താൻ മുന്നോട്ട് വച്ച നാല് കർശന വ്യവസ്ഥകൾ അംഗീകരിക്കുന്ന ആർക്കും സർക്കാരിൽ ചേരാമെന്നും ഐസൻകോട്ട് നിലപാട് വ്യക്തമാക്കി.
ലിക്കൂഡ് പാർട്ടിയുമായി പ്രധാനമന്ത്രി പദം റൊട്ടേഷൻ വ്യവസ്ഥയിൽ പങ്കിടുമെന്ന റിപ്പോർട്ടുകൾ തള്ളിയ ഐസൻകോട്ട് ഇത്തരം രാഷ്ട്രീയ തന്ത്രങ്ങൾ തന്നോട് വിലപ്പോകില്ലെന്നും നിലപാട് വ്യക്തമാക്കി.
ഐസൻകോട്ടിനൊപ്പം ഒരു ഐക്യ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന ഇസ്രയേൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നിർദേശം ഗാദി ഐസൻകോട്ട് തള്ളി. ഒരു ദേശീയ ഐക്യ സർക്കാർ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന ബോധ്യത്തെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്തുള്ളൂവെന്ന നെതന്യാഹുവിൻ്റെ വാദം പൊള്ളയാണെന്നും ഐസൻകോട്ട് ചൂണ്ടിക്കാട്ടി.
എന്നാൽ തനിക്ക് കീഴിലുള്ള യാഷർ പാർട്ടിയും നെതന്യാഹുവിൻ്റെ ലിക്കൂഡ് പാർട്ടിയും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഐസൻകോട്ട് സ്ഥിരീകരിച്ചു. 120 അംഗ സഭയിലേക്ക് ഒക്ടോബര്‍ അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യം 53 സീറ്റുകളാണ് നേടിയത്. മറുവശത്ത് ഐസന്‍കോട്ടിൻ്റെ മധ്യപക്ഷ പാർട്ടി സഖ്യം 48 സീറ്റും അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളും നേടിയതോടെയാണ് നെതന്യാഹുവിന് അടിപതറിയത്.