"വെസ്റ്റ്ബാങ്ക് ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ അനുവദിക്കില്ല"; ഉറപ്പിച്ച് ട്രംപ്
വെസ്റ്റ്ബാങ്ക് ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചെന്നും ട്രംപ് പറഞ്ഞു. ഓവൽ ഹൗസിൽ സംസാരിക്കവെയായിരുന്നു ട്രംപിൻ്റെ പ്രസ്താവന. അതേസമയം ഹമാസ് ഇസ്രയേലിൽ നടത്തിയത് മാനവികതയ്ക്കെതിരായ നിഷ്ഠൂര നടപടിയാണെങ്കിലും ഇസ്രയേലിന്‍റെ പ്രതികരണം അതിര് കടക്കുന്നുവെന്ന് ഇറ്റാലിയൻ പ്രധാനന്ത്രി ജോർജ മെലോനി യുഎൻ പ്രസംഗത്തിൽ പറഞ്ഞു.
വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് അതിശക്തമായ ഭാഷയിലാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. ഇക്കാര്യത്തിൽ അറബ് -മുസ്ലീം രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയെന്ന വാർത്ത ശരിയാണോ എന്ന ചോദ്യത്തിന് ഓവൽ ഓഫിസിൽ മറുപടി പറയുമ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വെസ്റ്റ്ബാങ്ക് ഇസ്രയേലുമായി കൂട്ടിച്ചേർക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് ഉറപ്പിച്ച് പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ചർച്ച ചെയ്തതതായും ട്രംപ് പറഞ്ഞു.
ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം ശക്തമായി നിലയുറപ്പിച്ചിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി യുഎൻ പ്രസംഗത്തിൽ ഇസ്രയേൽ ഗാസ നടപടിയിൽ അതിരി കടന്നുവെന്ന് പറഞ്ഞത് ശ്രദ്ധേയമായി. ഗാസ യുദ്ധത്തിൽ ഇസ്രയേലിനെതിരായ യൂറോപ്യൻ യൂണിയന്‍റെ ചില ഉപരോധങ്ങളെ പിന്തുണയ്ക്കുമെന്നും മെലോനി പറഞ്ഞു. 2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ കൂട്ടക്കൊലയാണ് യുദ്ധത്തിന് കാരണമായത്. ജനങ്ങളെ വേട്ടയാടിക്കൊല്ലുന്ന ഹമാസിന്‍റെ നൃശംസതയാണ് ഇസ്രയേലിനെ യുദ്ധത്തിലേക്കെത്തിച്ചത്. അതിനോടുള്ള പ്രതികരണം തത്വത്തിൽ ന്യായമാണെങ്കിലും ഇസ്രയേൽ ഇപ്പോൾ അതിര് കടന്നുവെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇസ്രയേൽ മാനവികതാ നിയമങ്ങൾ ലംഘിച്ചു. സാധാരണക്കാരുടെ കൂട്ടക്കൊലയ്ക്ക് വഴിയൊരുക്കിയെന്നും ജോർജിയ മെലോനി പറഞ്ഞു.