ലോകത്ത് ഒരിടത്തും കാണില്ല, ഇങ്ങനെ മരിച്ചുജീവിക്കുന്നൊരു ജനത!

യാതൊന്നിനാലും ന്യായീകരിക്കാനാകാത്ത കടന്നാക്രമണം ഗാസയുടെ ജീവിതത്തെ തല്ലിക്കെടുത്തിയിട്ട് ആയിരം ദിവസമാകുന്നു.
Gaza War
ഗാസNews Malayalam 24X7
Published on
Updated on

തകര്‍ന്നടിഞ്ഞൊരു നഗരത്തില്‍, ഉപരോധത്തിന്റെ മുള്ളുവേലിക്കുള്ളില്‍, കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഒരു ജനത. പിറന്നുവീണ മണ്ണില്‍ അഭയാര്‍ഥികളെ പോലെ ജീവിതം. ഒരിറ്റു കുടിവെള്ളത്തിനുപോലും അതിര്‍ത്തി ഭേദിച്ചെത്തിയ ആയുധധാരികളോട് ഇരക്കണം. ജീവിതത്തിനും മരണത്തിനും ഇടയില്‍ നേര്‍ത്തൊരു വേര്‍തിരിവു പോലുമില്ലെന്ന തിരിച്ചറിവില്‍ മരിച്ചു ജീവിക്കുന്നൊരു ജനത. കൈയും കാലും ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ ഇല്ലാത്ത, യുദ്ധം ബാക്കിവച്ച ജീവനുള്ള മാംസക്കഷണങ്ങള്‍ വേറെയും... വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ള യുദ്ധം ഒരു നഗരത്തെ ബാക്കിവച്ചിരിക്കുന്നത് ഇങ്ങനെയാണ്. യാതൊന്നിനാലും ന്യായീകരിക്കാനാകാത്ത കടന്നാക്രമണം ഗാസയുടെ ജീവിതത്തെ തല്ലിക്കെടുത്തിയിട്ട് ആയിരം ദിവസമാകുന്നു.

2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേല്‍ യുദ്ധം ആരംഭിച്ചത്. ഹമാസിനെതിരെയായിരുന്നു യുദ്ധ പ്രഖ്യാപനം. പക്ഷേ, ഒരു രാജ്യം പതിറ്റാണ്ടുകള്‍കൊണ്ട് ആര്‍ജിച്ചെടുത്ത വികസനങ്ങളെയെല്ലാം തച്ചുടയ്ക്കുകയായിരുന്നു. വീടുകള്‍, ഫ്ലാറ്റുകള്‍, സ്കൂളുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ആരോഗ്യ സംവിധാനങ്ങള്‍, ഊര്‍ജ സംവിധാനങ്ങള്‍... എന്നിങ്ങനെ എല്ലാം. ആയിരം ദിവസത്തിനിപ്പുറം, ഗാസ തക‌ർത്തെറിയപ്പെട്ട അവശിഷ്ടങ്ങളുടെ ഒരു കൂന മാത്രമാണ്. ജീവിതത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ജനതയുടെയും അവരുടെ ഭാവിക്കും നേരെയുള്ള ആസൂത്രിതമായ ആക്രമണമായി, വംശഹത്യയായി അത് പരിണമിച്ചിരിക്കുന്നു.

Gaza War
പട്ടിണി, നരനായാട്ട്; ഗാസയുടെ നിസ്സഹായത

ഗാസ എന്നാല്‍ ഇന്നൊരു ശവപ്പറമ്പാണ്. മരിച്ചുജീവിക്കുന്നവരുടെ അഭയസ്ഥാനം. ഇക്കാലത്തിനിടെ 73,066 പേരെയാണ് ഇസ്രയേല്‍ കൊന്നൊടുക്കിയത്. അതില്‍ 21,500 പേര്‍ കുട്ടികളാണ്. അതില്‍ തന്നെ 1,022 പേര്‍ പിഞ്ചുകുഞ്ഞുങ്ങളാണ്. 9,500 പേരെയെങ്കിലും കാണാതായിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിപ്പോയവരും ഏറെയാണ്. ഇതുവരെ 1,73,514 പേര്‍ക്കാണ് പരിക്കേറ്റത്. കൈയും, കാലുമൊക്കെ മുറിച്ചുനീക്കി മാംസപിണ്ഡമായവരും ഈ കണക്കിലുണ്ട്. ഇക്കാലത്തിനിടെ ഗാസയെ തച്ചുടയ്ക്കാന്‍ ഇസ്രയേല്‍ വര്‍ഷിച്ചത് 2,23,000 ടണ്‍ സ്ഫോടകവസ്തുക്കളാണ്. 1945ല്‍ ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് വര്‍ഷിച്ച ആണവ ബോംബിന്റെ 16 ഇരട്ടിയെങ്കിലും വരുമിത്.

പ്രാണരക്ഷാര്‍ഥം നാടാകെ ഓടുന്ന ജനതയെ പട്ടിണിക്കിട്ട് കൂടിയാണ് ഇസ്രയേല്‍ കൊന്നൊടുക്കുന്നത്. ഗാസ ക്ഷാമത്തിന്റെ വക്കിലാണെന്ന് 2024 ഓഗസ്റ്റില്‍ തന്നെ യുഎന്നിന്റെ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേൽ ആക്രമണം തുടരുമ്പോള്‍, യാതനയുടെ പാരമ്യത്തിലാണ് ഒരു ജനത. അവശ്യ മരുന്നുകളോ വെള്ളമോ ഭക്ഷണമോ പലയിടത്തും എത്തുന്നില്ല. ജനവാസ കെട്ടിടങ്ങളും ക്യാംപുകളും സഹായവിതരണ കേന്ദ്രങ്ങളുമൊക്കെ ആക്രമിക്കപ്പെടുന്നുമുണ്ട്. സഹായ വിതരണക്കാരും, അത് വാങ്ങാന്‍ കാത്തുനില്‍ക്കുന്ന കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരും ഇസ്രയേല്‍ സൈന്യത്തിന് ഇരകളാണ്. അനുവദിക്കപ്പെട്ടതിന്റെ മൂന്നിലൊന്ന് സഹായ ട്രക്കുകള്‍ മാത്രമേ ഗാസയിലേക്ക് കടത്തിവിടുന്നുള്ളൂ. നാല് ലക്ഷത്തോളം ആളുകള്‍ ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.

പട്ടിണി മാത്രമല്ല, അസുഖങ്ങളും തുടരാനാകാത്ത ചികിത്സയുമൊക്കെ ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. ആശുപത്രികള്‍ ഉള്‍പ്പെടെ ആരോഗ്യസംവിധാനങ്ങളൊക്കെ തകര്‍പ്പെട്ടിരിക്കുന്നു. ശേഷിക്കുന്നവയില്‍ അവശ്യമരുന്നുകള്‍ പോലുമില്ല. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ 62 ശതമാനത്തിലും മരുന്നുകള്‍ സ്റ്റോക്ക് ഇല്ല. ജനതയുടെ ആയുര്‍ദൈര്‍ഘ്യം 40 വയസായി താഴ്ന്നിരിക്കുന്നു. അതായത് മാനവിക വികസനം 77 വര്‍ഷം മുന്‍പത്തെ സ്ഥിതിയിലാണ്.

Gaza War
എപ്പോള്‍ വേണമെങ്കിലും അടയാം, ആയുസ്സിന്റെ പുസ്തകം; ബോംബുകളേക്കാള്‍ വിശപ്പിനെ ഭയപ്പെടുന്ന ഗാസയിലെ കുഞ്ഞുങ്ങള്‍

യുദ്ധം ബാക്കിവച്ചിരിക്കുന്ന ഗാസ ഒരു മാലിന്യക്കൂനയാണ്. ശുദ്ധമായ കുടിവെള്ളം ഇല്ലാത്ത, മലിനജന സംസ്കരണ സംവിധാനങ്ങള്‍ തകര്‍ന്ന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഗാസ. ജലസ്രോതസ്സുകളെല്ലാം മലിനമാണ്. വ്യക്ഷവിളകളും, സീസണല്‍ വിളകളുമൊക്കെ നശിച്ചതോടെ, പ്രാദേശിക ഭക്ഷ്യ ഉത്പാദനം പോലും അപ്രാപ്യമായി. രണ്ടര ലക്ഷം കെട്ടിടങ്ങളില്‍ 78 ശതമാനവും പൂര്‍ണമായും തകര്‍ക്കപ്പെട്ടു. കല്ലും സിമന്റും ആസ്ബെറ്റോസും തുടങ്ങി ലോഹങ്ങളും, രാസപദാര്‍ഥങ്ങളും, ഇ മാലിന്യവുമെല്ലാം ഇത്തരത്തില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ഏതാണ്ട് 68 മില്യണ്‍ ടണ്‍ കെട്ടിടാവശിഷ്ടങ്ങളാണ് അവിടെയുള്ളത്. 3,10,000 ടണ്‍ അവശിഷ്ടങ്ങള്‍, അതായത് 0.5 ശതമാനം മാത്രമാണ് ഇതുവരെ നീക്കിയിട്ടുള്ളതെന്നാണ് യുഎന്‍ കണക്കുകള്‍. ഈ വേഗത്തില്‍ ഗാസയെ അവശിഷ്ടമുക്തമാക്കാന്‍ 140 വര്‍ഷമെങ്കിലും വേണ്ടിവരും.

2025 ഒക്ടോബറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ കൊണ്ടുവന്ന സമാധാന പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. ഗാസയെ ഭീകരവിമുക്തമാക്കുക, ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ നിരായുധീകരിക്കുക, പലസ്തീന് സ്വയംനിർണയ അവകാശത്തിനും രാഷ്ട്രപദവിക്കും അനുകൂലമായ സാഹചര്യം ഒരുക്കുക, ഗാസയെ പുനര്‍നിര്‍മിക്കുക എന്നിങ്ങനെ 20 ഇന പദ്ധതിയാണ് ട്രംപിന്റെ മധ്യസ്ഥതയില്‍ കൊണ്ടുവന്നത്. സര്‍വ സംഘര്‍ഷങ്ങള്‍ക്കും അറുതി വരുത്തി, ഗാസയെ പുനഃനിര്‍മിക്കുമെന്ന പദ്ധതി പ്രഖ്യാപനങ്ങള്‍ മാസങ്ങള്‍ക്കിപ്പുറം വാഗ്ദാനങ്ങള്‍ മാത്രമായി തുടരുന്നു.

Gaza War
യുദ്ധം, പട്ടിണി, വംശഹത്യ; മാലിന്യക്കൂന മാത്രമായ ഗാസ, സമാധാനം ഇപ്പോഴും വാക്കുകളില്‍ മാത്രം

യുഎന്‍ രക്ഷാസമിതി ശരിവച്ച യുഎസ് നിര്‍മിത ബോര്‍ഡ് ഓഫ് പീസിന്റെ കാര്യവും വ്യത്യസ്തമല്ല. ജനുവരിയില്‍ സ്ഥാപിതമായ ബോര്‍ഡ് ഏതെങ്കിലും തരത്തിലുള്ള ഫലം ഉണ്ടാക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണ്. പലസ്തീന്‍ ജനതയ്ക്ക് സംരക്ഷണം ഒരുക്കുന്നതിനു പകരം, ഗാസയില്‍ തങ്ങളുടെ നിയന്ത്രണം വര്‍ധിപ്പിക്കാന്‍ ഇസ്രയേലിന് ഒത്താശ ചെയ്യുകയാണ് അവര്‍. സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയില്‍ യെല്ലോ ലൈന്‍ എന്നൊരു അതിര്‍ത്തി രേഖ നിശ്ചയിച്ചിരുന്നു. 47 ശതമാനം വരുന്ന പടിഞ്ഞാറന്‍ പ്രദേശം പലസ്തീന്‍ നിയന്ത്രണത്തിലും, 53 ശതമാനം പ്രദേശം ഇസ്രയേല്‍ നിയന്ത്രണത്തിലുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെയൊരു ഓറഞ്ച് ലൈന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഗാസയില്‍ ഇസ്രയേല്‍ തങ്ങളുടെ അധിനിവേശം വ്യാപിപ്പിച്ചിരിക്കുന്നു. 11 ശതമാനം പ്രദേശം കൂടി അവര്‍ കൈയേറി. ഇതോടെ, ഗാസയുടെ 64 ശതമാനവും ഇസ്രയേല്‍ നിയന്ത്രണത്തിലാണ്. ശേഷിക്കുന്ന 36 ശതമാനം ഭാഗത്താണ് 20 ലക്ഷത്തിലധികം ജനങ്ങള്‍ തിങ്ങിഞെരുങ്ങി ജീവിതം കഴിച്ചുകൂട്ടുന്നത്.

പിറന്ന മണ്ണില്‍ ജീവിക്കാന്‍ മറ്റാരുടെയൊക്കെയോ കനിവ് തേടുന്നവരുടെ തുരുത്താണിപ്പോള്‍ ഗാസ. ഇനിയെങ്ങോട്ടും ഓടാനില്ലാതെ, യാതൊരു സുരക്ഷിതത്വവും ഉറപ്പില്ലാത്ത താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍, ജീവിതത്തിനും മരണത്തിനുമിടെയാണ് അവര്‍ തണല്‍ തേടുന്നത്. ലോകത്ത് ഒരിടത്തും കാണില്ല, ഇങ്ങനെ ജീവിക്കേണ്ടി വരുന്നൊരു ജനത.

News Malayalam 24x7
newsmalayalam.com