ദീർഘനാൾ നീണ്ടു നിന്ന് യുദ്ധത്തിന് പിന്നാലെ ഗാസയുടെ പുനർനിർമാണത്തിനായി വേണ്ടത് ഭീമമായ തുക. പ്രദേശത്തിന്‍റെ പുനർനിർമാണത്തിനും വീണ്ടെടുപ്പിനുമായി അടുത്ത 10 വർഷങ്ങളിൽ 71 ബില്യൺ ഡോളറിലധികം ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ യൂണിയനും യുണൈറ്റഡ് സ്റ്റേറ്റും ചേർന്ന് പുറത്തിറക്കിയ ഗാസ റാപിഡ് ഡാമേജ് ആൻഡ് നീഡ്സ് അസസ്മെന്‍റ് (RDNA) റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ.
റിപ്പോർട്ട് പ്രകാരം, യുദ്ധം ഗാസയിലെ മനുഷ്യ വികസനത്തെ “ഭീകരമായി ബാധിച്ചിരിക്കുന്നു”. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യരംഗം, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ എന്നിവയെല്ലാം പാടെ തകർന്ന നിലയിലാണ്. ആദ്യ 18 മാസങ്ങളിൽ തന്നെ 26.3 ബില്യൺ ഡോളർ അടിയന്തരമായി ആവശ്യമാണ്. ഈ തുക ഉപയോഗിച്ച് അടിസ്ഥാന സേവനങ്ങൾ പുനഃസ്ഥാപിക്കൽ, തകർന്ന റോഡുകൾ, വൈദ്യുതി, കുടിവെള്ള സംവിധാനം എന്നിവ പുനർനിർമിക്കൽ, ആശുപത്രികളും സ്കൂളുകളും പ്രവർത്തനക്ഷമമാക്കൽ എന്നിവയാണ് ലക്ഷ്യം.
റിപ്പോർട്ട് അനുസരിച്ച്, ഗാസയിലെ ഭൗതിക അടിസ്ഥാന സൗകര്യ നാശനഷ്ടം ഏകദേശം 35.2 ബില്യൺ ഡോളറാണ്. കൂടാതെ സാമൂഹികവും സാമ്പത്തികവുമായ നഷ്ടം 22.7 ബില്യൺ ഡോളറോളം വരുന്നു. യുദ്ധം മനുഷ്യജീവിതത്തിലും ഏൽപ്പിച്ച ആഘാതം അതീവ ഗുരുതരമാണ്. ഏകദേശം 3,71,000-ത്തിലധികം വീടുകൾ നശിച്ചോ കേടായോ കഴിഞ്ഞു. 50 ശതമാനത്തിലധികം ആശുപത്രികൾ പ്രവർത്തനരഹിതമായി. മിക്ക സ്കൂളുകളും തകർന്ന നിലയിലാണ്.
ഗാസയുടെ സമ്പദ്‌വ്യവസ്ഥ 84 ശതമാനം വരെ ചുരുങ്ങിയിട്ടുണ്ട്. ഏകദേശം 19 ലക്ഷം ആളുകൾ പലവട്ടം വീടുകൾ വിട്ട് ഒഴിഞ്ഞിരിക്കുകയാണ്. 60 ശതമാനത്തിലധികം ജനങ്ങൾക്ക് സ്വന്തം വീട് നഷ്ടപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം, ഗാസയിൽ 6.1 കോടി ടണ്ണിലധികം അവശിഷ്ടങ്ങളാണ് കിടക്കുന്നത്. ഇതു മൂലം പുനർനിർമാണ പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാകുന്നുണ്ട്.