കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പ്രത്യക്ഷപ്പെട്ട് അഹമ്മദ് വാഹിദി! ഖമനേയിയുടെ സംസ്കാര ചടങ്ങിനെത്തി

ഫെബ്രുവരി 8നാണ് വാഹിദി അവസാനമായി പൊതുവേദിയിലെത്തിയിരുന്നത്
കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പ്രത്യക്ഷപ്പെട്ട് അഹമ്മദ് വാഹിദി! ഖമനേയിയുടെ സംസ്കാര ചടങ്ങിനെത്തി
Published on
Updated on

ടെഹ്റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പൊതു മധ്യത്തിൽ പ്രത്യക്ഷപ്പെട്ട് ഐആർജിസി കമാൻഡർ അഹമ്മദ് വാഹിദി. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിനാണ് വാഹിദി എത്തിയത്. 'ഇറാന്റെ നിഴൽ ജനറൽ' എന്ന് അറിയപ്പെടുന്ന അഹമ്മദ് വാഹിദി ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വ്യാജ വാർത്തകൾക്കും ഇതോടെ അറുതിയായിരിക്കുകയാണ്. ഖമനേയിയുടെ തുടർന്നുള്ള ചടങ്ങുകളിലും സജീവമായി വാഹിദി പങ്കെടുക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ഫെബ്രുവരി 8നാണ് വാഹിദി അവസാനമായി പൊതുവേദിയിലെത്തിയിരുന്നത്.

ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി വ്യാഴാഴ്ച നടന്ന ഒരു യോഗത്തിലാണ് വാഹിദി പങ്കെടുത്തത്. ഖമേനിയുടെ ശവപ്പെട്ടിക്കരികിൽ ഇരിക്കുന്ന വാഹിദിയുടെ ചിത്രങ്ങളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. ഇറാനിയൻ സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിലും വിലാപ ചടങ്ങിൽ വാഹിദി പങ്കെടുത്തുവെന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ ഐആർജിസിയുടെ നേതൃത്വം വഹിക്കുന്ന വാഹിദി, ഇറാന്റെ പ്രതിരോധ മേഖലയിലെ ഏറ്റവും ശക്തനായ വ്യക്തിയായാണ് അറിയപ്പെടുന്നത്. ഖമനേയിക്ക് ശേഷമുള്ള ഇറാന്റെ പുതിയ അധികാര ഘടനയിൽ നിർണായക സ്ഥാനം വാഹിദിക്ക് ലഭിച്ചേക്കും.

കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പ്രത്യക്ഷപ്പെട്ട് അഹമ്മദ് വാഹിദി! ഖമനേയിയുടെ സംസ്കാര ചടങ്ങിനെത്തി
ആയത്തുള്ള അലി ഖമനേയിക്ക് വിട ചൊല്ലാൻ ഇറാൻ; സംസ്കാര ചടങ്ങുകൾക്ക് ഇന്ന് തുടക്കം

അതേസമയം, ടെഹ്റാനില്‍ നടക്കുന്ന സംസ്കാര ചടങ്ങുകളില്‍ വരും ദിവസങ്ങില്‍ 20 ദശലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്നും നാളെയും ഗ്രാൻഡ് മുസല്ലയിൽ പൊതുദർശനത്തിന് വയ്ക്കുന്ന ഭൌതികശരീരം, വിലാപയാത്രയായി ഷിയാ മുസ്‌ലിംകളുടെ പുണ്യനഗരമായ ഖോമിലേക്ക് കൊണ്ടുപോകും. ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളില്‍ നടക്കുന്ന മതപരമായ ചടങ്ങുകള്‍ക്കും വിലാപയാത്രക്കും ശേഷം ജൂലൈ ഒമ്പതിന് ജന്മനാടായ മഷ്ഹദിലെ ഇമാം റെസാ മഖ്ബറയില്‍ ഖബറടക്കും. സുരക്ഷാ കാരണങ്ങളാല്‍ ഇറാന്‍റെ പുതിയ പരമോന്നത നേതാവും അലി ഖമനേയിയുടെ മകനുമായ മൊജ്തബ ഖമനെയി സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ പ്രതിനിധി ആയത്തുള്ള ഹക്കിം ഇലാഹി പറഞ്ഞു.

ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. സംഘർഷ പശ്ചാത്തലത്തിൽ 125 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നത്. യുഎസും താൽകാലിക വെടിനിർത്തൽ ഉടമ്പടിയിൽ ഒപ്പുവെച്ചതോടെയാണ് ഇറാൻ ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്ക് തുടക്കമിട്ടത്. ദശകങ്ങളോളം ഇറാനെ നയിച്ച ഖമേനിയുടെ വിയോഗത്തിൽ അനുശോചിക്കാനെത്തുന്ന ജനലക്ഷങ്ങൾക്കായി അധികൃതർ വലിയ തോതിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

News Malayalam 24x7
newsmalayalam.com