

ടെഹ്റാൻ: മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വിട ചൊല്ലാൻ ഒരുങ്ങി ഇറാൻ. ടെഹ്റാനിൽ ആരംഭിച്ച് ജന്മസ്ഥലമായ മഷ്ഹദിൽ അവസാനിക്കുന്ന ആറുദിവസത്തെ ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിച്ചു. ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. സംഘർഷ പശ്ചാത്തലത്തിൽ 125 ദിവസങ്ങള്‍ക്ക് ശേഷമാണ് ഖമനേയിയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നത്.
ലോകനേതാക്കളും 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള 90 ഓളം വിദേശ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും, ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈനും ചടങ്ങിൽ പങ്കെടുക്കും. ജനസാഗരം ഒഴുകിയെത്തുമെന്ന് കണക്കാക്കപ്പെടുന്ന ചടങ്ങുകള്‍ക്കായി വൻ സുരക്ഷാമുന്നൊരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
ആറുദിവസം നീളുന്ന മരണാനന്തര ചടങ്ങുകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ, ഇറാഖിലെ കർബലയിലുള്ള ഇമാം ഹുസൈൻ്റെ മഖാമിൽ നിന്നുള്ള പവിത്രമായ ചുവന്ന പതാക പുതപ്പിച്ച ആയത്തൊള്ള അലി ഖമനേയിയുടെ ശവമഞ്ചം പൊതുദർശനം നടക്കുന്ന ടെഹ്റാനിലെ ഗ്രാൻഡ് മുസല്ലയിൽ എത്തിച്ചു.
ഭൗതികശരീരം വെച്ചിരിക്കുന്ന മുറിയുടെ ചുവരുകൾ ഇറാൻ്റെ ദേശീയ പതാകയുടെ വർണ്ണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. ഇന്നും നാളെയും ഗ്രാൻഡ് മുസല്ലയിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി ഷിയാ മുസ്ലീങ്ങളുടെ പുണ്യനഗരമായ ഖോമിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും ആത്മീയ ചടങ്ങുകള്‍ നടക്കും. തുടർന്ന് ജൂലെെ 9 വ്യാഴാഴ്ച ജന്മനാടായ മഷ്ഹദിലെ ഇമാം റെസാ മഖ്ബറയിൽ ഖബറക്കം.
ഖമനേയിക്കൊപ്പം കൊല്ലപ്പെട്ട മകളുടെയും മരുമകൻ്റെയും 14 മാസം മാത്രം പ്രായമുള്ള ചെറുമകളുടെയും, നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ ഭാര്യ മിസ്ബാഹ് അൽ ഹുദ ബഗേരിയുടെയും മരണാനന്തചടങ്ങുകള്‍ ഒപ്പം നടക്കും. സുരക്ഷാ കാരണങ്ങള്‍ മുൻനിർത്തി, ഖമനേയിയുടെ പിൻഗാമിയും മകനുമായ മുജ്തബ ഖമനേയി ചടങ്ങിൽ നേരിട്ട് പങ്കെടുത്തേക്കില്ലെന്നാണ് സൂചന.
30ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദേശ, നയതന്ത്ര പ്രതിനിധികളും പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫ് അടക്കം ലോകനേതാക്കളും ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് ക്ഷണമുണ്ടായിരുന്നെങ്കിലും മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികളുള്ളതിനാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
1989ൽ ഇസ്ലാമിക വിപ്ലവ നേതാവ് ആയത്തുള്ള റൂഹൊള്ള ഖമേനിയുടെ സംസ്കാര ചടങ്ങിലുണ്ടായ വൻ ജനാവലിയുടെ റെക്കോർഡ് ഭേദിച്ച്, രണ്ട് കോടിയിലധികം പേർ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ചടങ്ങുകളോട് അനുബന്ധിച്ച് ടെഹ്റാൻ കനത്ത സുരക്ഷാവലയത്തിലാണ്. വിലാപയാത്ര കടന്നുപോകുന്ന പാതകളിൽ റെവല്യൂഷണറി ഗാർഡ്സിൻ്റെ പ്രത്യേക സംഘങ്ങള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കും.
പാശ്ചാത്യ ശക്തികളുടെ ആക്രമണത്തിൽ വീരമൃത്യു വഹിച്ച ബലിദാനിയെന്ന നിലയിലാണ് ഇറാൻ ആയത്തൊള്ള അലി ഖമനേയിയെ പ്രതിഷ്ഠിക്കുന്നത്. അതുകൊണ്ടുതന്നെ, യുദ്ധാനന്തരം ജനകീയ വികാരം ഭരണകൂടത്തിനൊപ്പമാണ് എന്ന് കാണിക്കാനുള്ള വേദികൂടിയാകും ഖമനേയിയുടെ അന്ത്യയാത്ര. ചടങ്ങുകൾ നടക്കുന്ന സമയത്ത് ആക്രമണം ഉണ്ടാകരുതെന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.