എച്ച്-1ബി വിസ ഫീസ് വർധനവുൾപ്പെടെ ഇന്ത്യക്ക് മുന്നിൽ വാതിലടക്കുകയാണ് യുഎസ്. എന്നാൽ ജർമനിയാകട്ടെ ഇന്ത്യൻ ടാലൻ്റിന് മുന്നിൽ വാതിൽ തുറക്കുകയാണ്. വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികളെ ജർമനിയിലേക്ക് ക്ഷണിക്കുകയാണ് രാജ്യം. ഇന്ത്യയിലെ ജർമൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ ഇത് സംബന്ധിച്ച പോസ്റ്റ് എക്സിൽ പങ്കുവെച്ചു.
"മികച്ച വൈദഗ്ധ്യമുള്ള എല്ലാ ഇന്ത്യക്കാർക്കുമായാണ് എൻ്റെ ഈ ആഹ്വാനം. ഐടി, മാനേജ്മെന്റ്, സയൻസ്, ടെക്‌നോളജി എന്നിവയിൽ ഇന്ത്യക്കാർക്ക് മികച്ച തൊഴിലവസരങ്ങൾ നൽകികൊണ്ടും, സ്ഥിരതയുള്ള മൈഗ്രേഷൻ നയങ്ങൾ കൊണ്ടും, ജർമനി വേറിട്ടുനിൽക്കുകയാണ്" എക്സ് പോസ്റ്റിൽ ഫിലിപ്പ് അക്കർമാൻ പറയുന്നു. ഇതിനൊപ്പം ജർമനിയിൽ മികച്ച കരിയർ അവസരങ്ങൾ തേടാനുള്ള ലിങ്കും ഫിലിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ജർമനിയിലെ ഇന്ത്യൻ പ്രൊഫഷണലുകളുടെ വിജയത്തെക്കുറിച്ചും ഫിലിപ്പ് അക്കർമാൻ ഊന്നിപ്പറഞ്ഞു. ജർമനിയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. ജർമൻ സമൂഹത്തിൻ്റെ ക്ഷേമത്തിന് ഈ ഉയർന്ന വരുമാന സാധ്യത സംഭാവനകൾ നൽകുന്നുണ്ടെന്നും ഫിലിപ്പ് വിശദീകരിച്ചു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസകളുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയതിന് പിന്നാലെയാണ് ജർമനി ഇന്ത്യക്കാരെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്. എച്ച്-1 ബി വിസകളിലൂടെയാണ് ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ തുടങ്ങിയ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നത്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കുള്ള വിസ പിന്നീട് ആറ് വര്‍ഷത്തേക്ക് നീട്ടാം.
യുഎസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് എച്ച്- 1 ബി വിസയിലെ കുത്തനെയുള്ള വര്‍ധനവ്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകളെ നിയമിക്കുന്നത് യുഎസ് ടെക്നോളജി സ്ഥാപനങ്ങള്‍ക്ക്, പ്രത്യേകിച്ച്, കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നതാണ് ഈ നിയമങ്ങള്‍.