
ഗാസ ഇസ്രയേൽ സംഘർഷത്തിൽ 60 ദിവസത്തെ വെടിനിർത്തലിനോട് അനുകൂല നിലപാടുമായി ഹമാസ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ചത്. വെടിനിർത്തലിൽ അടിയന്തര ചർച്ചയ്ക്ക് തയ്യാറെന്നാണ് ഹമാസിന്റെ പ്രസ്താവന.
വെടിനിർത്തലിന് തയ്യാറാണെന്ന കാര്യം മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് അറിയിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിനിർത്തൽ നടപ്പാക്കുന്ന കാര്യത്തിൽ അടിയന്തിര ചർച്ചയ്ക്ക് തയ്യാറാണെന്നും ഹമാസ് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.ഗാസയിലെ സംഘർഷം അവസാനിപ്പിക്കുകയും ഇസ്രയേൽ സേനയെ മേഖലയിൽനിന്ന് പിൻവലിക്കുമെന്നത് ഉറപ്പാക്കുകയും ചെയ്യുന്ന കരാറാണ് ഹമാസ് ലക്ഷ്യമിടുന്നത്.
ഇസ്രയേലും ഹമാസും തമ്മിൽ ഒരു ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ പ്രാവർത്തികമാക്കുമെന്ന ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വെടിനിർത്തൽ അനുകൂല നിലപാടുമായി ഹമാസ് മുന്നോട്ട് വന്നിരിക്കുന്നത്. വെടിനിർത്തലിന് ഇസ്രയേൽ അംഗീകരിച്ചതായും ഈ കാലയളവിൽ യുദ്ധം അവസാനിപ്പിക്കാൻ ഇരു കക്ഷികളും പ്രവർത്തിക്കുമെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ യുദ്ധാനന്തര ഗാസയിൽ ഹമാസ് ഉണ്ടാകില്ലെന്ന പ്രസ്താവനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.
അടുത്തയാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ട്രംപിൻ്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഗാസയിലെ ശത്രുത അവസാനിപ്പിക്കാൻ നെതന്യാഹു ആഗ്രഹിക്കുന്നുവെന്ന് താൻ വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.
വെടിനിർത്തലിൻ്റെ ഭാഗമായി ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരം ഹമാസ് 10 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കും. 18 ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുനൽകും.
2023 ഒക്ടോബർ ഏഴിന് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കിൽ കുറഞ്ഞത് 1,000 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 202 കുട്ടികളും 21 സ്ത്രീകളും ഉൾപ്പെടുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണത്തില്‍ പ്രദേശത്തുടനീളം 9,210 പേർക്കാണ് പരിക്കേറ്റത്. ഗാസയിലാകമാനം ഇക്കാലയളവില്‍ കൊല്ലപ്പെട്ടത് 57,130 പലസ്തീനികളാണ്.