

ഡൽഹി: ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ളൈ ദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ടത് ടെൽ അവീവിലെ വിമാനത്താവളത്തിലാണെന്നും ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കൊലപ്പെടുത്തിയ ശേഷം സാധാരണപോലെ യാത്ര തുടരാനാണ് ഉദേശിച്ചതെന്നും അൽ ഹമ്മാമി പറഞ്ഞു.
വിമാനത്താവളത്തിൽ ലാൻഡിങ് അനുമതി നേടിയ ശേഷം മറ്റൊരു വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കൽ ആയിരുന്നു ലക്ഷ്യം. എന്നാൽ പദ്ധതി പാളിയത് സ്മിത്ത് മച്ചാർ കോക്പിറ്റ് വാതിൽ തുറന്നതോടെയാണെന്നും അൽ ഹമ്മാമി പറഞ്ഞു.
വർഷങ്ങൾ നീണ്ട പദ്ധതിയായിരുന്നു ഇത്. ഫ്ളൈ ദുബായിൽ ജോലി നേടിയത് തന്നെ ഈ ലക്ഷ്യത്തോടെ തന്നെയാണ് ഇയൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സെപ്റ്റംബർ 11 മാതൃകയിലുള്ള ഭീകരാക്രമണം നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിൻ്റെ യാത്രമധ്യേ സഹപൈലറ്റ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. വിമാനത്തിൻ്റെ നിയന്ത്രണം പിടിച്ചെടുത്ത് തകർക്കാൻ സഹ പൈലറ്റ് ശ്രമിച്ചു.
ആക്രമണത്തിനിടയിൽ വിമാനം പെട്ടെന്ന് ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ ശക്തമായി പ്രതിരോധിക്കുകയും കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുക്കുകയും, സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി അടിയന്തരമായി ഇറക്കുകയും ചെയ്തു.