

പാരിസ്: യൂറോപിനെ ചുട്ടുപൊള്ളിക്കുന്ന ഉഷ്ണതരംഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറ്റലി, സ്പെയിൻ, ഗ്രീസ്, ഫ്രാൻസ് തുടങ്ങിയ തെക്കൻ യൂറോപ്യൻ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ താപതരംഗം ജർമനി, പോളണ്ട് തുടങ്ങിയ കിഴക്കൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു ഉഷ്ണതരംഗ സാധ്യത പരിഗണിച്ച് പൊതുഗതാഗത നിയന്ത്രണം ഉൾപ്പടെ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഉഷ്ണതംഗത്തിൽ മരണ സംഖ്യയും ഉയരുന്നതായാണ് റിപ്പോർട്ടുകൾ.
ഫ്രാൻസുമായി അതിർത്തി പങ്കിടുന്ന ജർമനിയിലെ സാർബ്രൂക്കൻ നഗരത്തിൽ താപനില 41 ഡിഗ്രി സെൽസ്യസിന് മുകളിലേക്ക് ഉയർന്നിരുന്നു. ഇത് വരും ദിവസങ്ങളിൽ ജർമനിയിലാകെ വ്യാപിക്കുമെന്നും ഉഷ്ണതരംഗം കൂടുതൽ ഗുരുതരമാകുമെന്നുമാണ് കാലാവസ്ഥ വിദഗ്ദർ പറയുന്നത്. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് പൊതു ഗതാഗത സംവിധാനങ്ങളിലടക്കം നിയന്ത്രണം ഏർപ്പെടുത്താനാണ് അധികൃതരുടെ നീക്കം. ചൂട് കാരണം അടുത്ത ആഴ്ചയിലെ ദീർഘദൂര യാത്രാ ബുക്കിംഗുകൾ സൗജന്യമായി റദ്ദാക്കാനുള്ള അവസരം ജർമ്മൻ ദേശീയ റെയിൽ ഓപ്പറേറ്ററായ 'ഡോയിച്ച ബാൻ' ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിലെ പ്രധാന നഗരങ്ങളിലെല്ലാം റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. താപനിലയിൽ കാര്യമായ മാറ്റം ഉണ്ടാകാത്തതിനാൽ രാജ്യത്തെ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടർന്നു. ഈഫൽ ടവർ അടക്കം വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സന്ദർശക സമയവും വെട്ടിചുരുക്കിയിട്ടുണ്ട്. ഉഷ്ണതരംഗത്തിൽ നിന്ന് രക്ഷ നേടാൻ നദികളിലടക്കം ആളുകൾ ചാടുന്നതിനെ തുടർന്ന് 55 ഓളം പേർ ഫ്രാൻസിൽ മുങ്ങി മരിച്ചതായും റിപ്പോർട്ടുണ്ട്. സ്പെയിനിൽ മരണ സംഖ്യ 200 കടന്നു. യുകെ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും റെക്കോർഡ് താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നത്. യൂറോപ്പ്യൻ രാജ്യങ്ങളിലാകെ ആശുപത്രികളിൽ അടിയന്തര ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പല രാജ്യങ്ങളിലും ശീതീകരണ ഉപകരണങ്ങൾ വാങ്ങാൻ വൻ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.
അതേസമയം ആഗോളതാപനവും മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനവുമാണ് യൂറോപ്പിലാകെ വ്യപിക്കുന്ന ഉഷ്ണതരംഗത്തിന് കാരണമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകരുടെ കൂട്ടായ്മയായ ‘വേൾഡ് വെതർ ആട്രിബ്യൂഷൻ’ വ്യക്തമാക്കി. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ വേനൽക്കാലം ഇതിലും മാരകമാകുമെന്നും കടുത്ത വരൾച്ചയിലേക്ക് ലോകം നീങ്ങുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.