ഹാനോയ്: പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലായി . ചരിത്രനഗരമായ ഹ്യൂവിൽ 24 മണിക്കൂറിനിടെ 1,085 മില്ലിമീറ്റർ മഴയാണ് ലഭിച്ചത് .
മുൻകരുതലിന്റെ ഭാഗമായി ഹോയ് നഗരത്തിൽ നിന്ന് നാൽപ്പതിനായിരത്തിലധികം വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. റെയിൽ , റോഡ് ഗതാഗതവും താറുമാറായി. കഴിഞ്ഞ ദിവസം ബസ്സിന് മേൽ മണ്ണിടിഞ്ഞ് വീണ് ഏഴ് പേർ മരിച്ചു. 32 പേരുമായി സഞ്ചരിച്ച ബസ് ഡാ ലാറ്റിൽ നിന്ന് നാ ട്രാങ്ങിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
മധ്യവിയറ്റ്നാമിൽ ഉണ്ടായ കനത്തമഴയാണ് വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് കാരണമായത്. വെള്ളിയാഴ്ചയുണ്ടായ മറ്റൊരു മണ്ണിടിച്ചിലിൽ സമീപത്തുള്ള ഡാനാങ്ങിൽ മൂന്ന് പേരെ കാണാതായതായി റിപ്പോർട്ടുകൾ വന്നിരുന്നു. വീണ്ടും മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.