യെമൻ: യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികളുടെ ആക്രമണം. അഞ്ച് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏഡനിലുള്ള അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയാണ് ഹൂതികൾ മിസൈലാക്രമണം നടത്തിയത്. അഞ്ച് മിസൈലുകൾ ഉപയോഗിച്ചാണ് അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികൾ ആക്രമണം നടത്തിയതെന്ന് യെമൻ വാർത്താവിതരണ മന്ത്രി മുഅമ്മർ അൽ-ഇറിയാനി അറിയിച്ചു.
യെമൻ പ്രധാനമന്ത്രി ഉൾപ്പടെ കെട്ടിടത്തിലുള്ള സമയമാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും എന്നാൽ അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും സർക്കാർ അറിയിച്ചു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും സുരക്ഷാ ഉദ്യോഗസ്ഥരും കൊട്ടാരത്തിലെ സിവിലിയൻ ജീവനക്കാരും ഉൾപ്പെടുന്നുവെന്ന് പബ്ലിക് ഹെൽത്ത് ആൻഡ് പോപ്പുലേഷൻ മന്ത്രി കാസിം ബുഹൈബെഹ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. കൂടാതെ, ഏഡനിലെ അൽ ബുറൈഖ ജില്ലയിലുള്ള സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആസ്ഥാനവും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സ്ഫോടനങ്ങളെ തുടർന്ന് നഗരത്തിൽ വലിയ ശബ്ദവും പ്രസിഡൻഷ്യൽ കൊട്ടാര പരിസരത്തുനിന്ന് പുക ഉയരുന്നതും കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
അതേസമയം, സൗദി അറേബ്യയിലേക്ക് ആക്രമണം കടുപ്പിക്കുന്ന ഹൂതികള്ക്ക് ചില പ്രാദേശിക കക്ഷികളുടെ സഹായം ലഭിക്കുന്നതായി സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു. വിമാനത്താവളങ്ങളും എണ്ണ സംഭരണ ശാലകളും ലക്ഷ്യവെച്ചുള്ള ആക്രമണങ്ങള് പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണങ്ങളില് മാത്രം 17 പേർ മരിക്കുകയും മുന്നൂറോളം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ആകെ 19 പേർ വിമാനത്താവളങ്ങളിലുണ്ടായ ആക്രമണങ്ങളില് കൊല്ലപ്പെട്ടതായും മേജർ തുർക്കി അല് മാലികി പറഞ്ഞു. ഈ ആക്രമണങ്ങള്ക്കെല്ലാം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും മറ്റ് ആയുധങ്ങളും നല്കി ചില പ്രാദേശി ശക്തികള് ഹൂതികളെ സഹായിക്കുന്നു എന്നാണ് മേജർ തുർക്കി അല് മാലികിയുടെ ആരോപണം.