

കെയ്റോ: യെമനിലെ സർക്കാർ അനുകൂല സൈനിക ക്യാംപിന് നേരെയുണ്ടായ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ യെമനിലെ ഷബ്‌വ പ്രവിശ്യയിലുള്ള അൽ-ആലം സൈനിക ക്യാംപിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് രാവിലെ സൈനികർ പരിശീലനം നടത്തുന്നതിനിടെ ഹൂതികൾ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ ക്യാംപിലേക്ക് തൊടുക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പുതിയ റിക്രൂട്ട്‌മെൻ്റ് വഴി സൈന്യത്തിൽ ചേർന്നവരാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറാൻ്റെ പിന്തുണയുള്ള ഹൂതികളും സൗദി സഖ്യസേനയുടെ പിന്തുണയുള്ള യെമൻ സർക്കാരും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. ഈ ആക്രമണം 2022-ൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിനെ പൂർണമായും തകർക്കുന്ന തരത്തിലുള്ള കടുത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.