
യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കാര്യത്തില്‍ നിരാശനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ല. റഷ്യന്‍ നേതാവിനെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ ആരെയും വിശ്വസിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ബിബിസിക്ക് നല്‍കിയ ഫോണ്‍ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. യുക്രെയ്ന് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും, 50 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നില്ലെങ്കില്‍ കനത്ത തീരുവ ഏര്‍പ്പെടുത്തുമെന്ന് റഷ്യക്ക് മുന്നറിയിപ്പും നല്‍കിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഫോണ്‍ അഭിമുഖം.
ഒരു വര്‍ഷം തികയുന്ന, പെൻസിൽവാനിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വധശ്രമത്തെക്കുറിച്ചായിരുന്നു ബിബിസി പ്രതിനിധി ട്രംപിനോട് ആദ്യം ചോദിച്ചത്. വധശ്രമത്തെ എങ്ങനെ അതിജീവിച്ചെന്നും, അത് എന്ത് മാറ്റമാണ് കൊണ്ടുവന്നതെന്നുമുള്ള ചോദ്യത്തിന്, അതിനെക്കുറിച്ച് കഴിയുന്നത്ര കുറച്ച് മാത്രം ചിന്തിക്കാനാണ് താല്‍പ്പര്യപ്പെടുന്നത് എന്നായിരുന്നു ട്രംപിന്റെ മറുപടി. അത് എന്നില്‍ മാറ്റം കൊണ്ടുവന്നോ എന്നൊന്നും ചിന്തിക്കുന്നില്ല. അത് തന്നെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് ചിലപ്പോള്‍, ജീവിതത്തെ മാറ്റിമറിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു.
നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു ഫോണ്‍ സംഭാഷണമെങ്കിലും, ട്രംപ് സംസാരിച്ചത് ഏറെയും റഷ്യന്‍ നേതാവിനോടുള്ള അതൃപ്തിയെക്കുറിച്ചായിരുന്നു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ സംബന്ധിച്ച് റഷ്യയുമായി നാല് തവണ ആലോചിച്ചിരുന്നതായി ട്രംപ് പറഞ്ഞു. പുടിനൊപ്പം അത് സാധ്യമായോ എന്ന ചോദ്യത്തിന്, അദ്ദേഹത്തില്‍ ഞാന്‍ നിരാശനാണ് എന്നായിരുന്നു മറുപടി. എന്നാല്‍ അത് അവസാനിച്ചിട്ടില്ല. പക്ഷേ, അദ്ദേഹത്തില്‍ ഞാന്‍ നിരാശനാണ്. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഞങ്ങള്‍ തമ്മില്‍ മികച്ച സംഭാഷണം നടന്നു. അത് നല്ലതായിരുന്നു. അത് സാധ്യമാകുന്നതിന്റെ വക്കിലാണെന്ന് ഞാന്‍ ചിന്തിച്ചു. അപ്പോഴാണ് അദ്ദേഹം കീവിലെ കെട്ടിടം തകര്‍ത്തത് -ട്രംപ് പറഞ്ഞു.
2022ല്‍ റഷ്യ ആരംഭിച്ച ആക്രമണമാണ് മൂന്ന് വര്‍ഷമായി തുടരുന്നത്. സമീപ ആഴ്ചകളിലായി റഷ്യ യുക്രെയ്നിലെ മിസൈല്‍ ആക്രമണം കടുപ്പിച്ചിരുന്നു. സിവിലിയന്‍ മരണം റെക്കോഡിലെത്തി. യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നാണ് ആഗ്രഹമെന്നാണ് പുടിനും അഭിപ്രായപ്പെട്ടത്. എന്നാല്‍, യുദ്ധത്തിനുള്ള മൂലകാരണം ആദ്യം പരിഹരിക്കണം. യുക്രെയന്‍, നാറ്റോ, 'പടിഞ്ഞാറന്‍ കൂട്ടായ്മ' എന്നിവരില്‍നിന്ന് റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഉയര്‍ന്ന ഭീഷണിയുടെ ഫലമാണ് യുദ്ധം എന്നാണ് പുടിന്റെ വാദം.
സംഭാഷണം പതുക്കെ നാറ്റോയിലേക്ക് കടന്നു. നാറ്റോയെ കാലഹരണപ്പെട്ട സംഘടനയെന്നായിരുന്നു ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നത്. എന്നാല്‍ നാറ്റോ മാറിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് നിലപാട് തിരുത്തി. സഖ്യം അവരുടെ ബില്ലുകള്‍ സ്വയം അടയ്ക്കുന്നുണ്ട്. പ്രതിരോധ ചെലവ് തങ്ങളുടെ സാമ്പത്തിക വരുമാനത്തിന്റെ അഞ്ച് ശതമാനം ആക്കാമെന്ന് നാറ്റോ നേതാക്കള്‍ സമ്മതിച്ചത് അത്ഭുതകരമാണ്. അത് സാധ്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. കൂട്ടായ പ്രതിരോധത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. കാരണം, ചെറിയ രാജ്യങ്ങള്‍ക്ക് വലിയ രാജ്യങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു.
ജർമനി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ തന്നെയും തന്റെ തീരുമാനങ്ങളെയും ബഹുമാനിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ധാരാളം കഴിവുകള്‍ ഉള്ളതുകൊണ്ടാണ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ലോക നേതാക്കള്‍ വിശ്വസിക്കുന്നു -ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് എന്ന നിലയില്‍ എങ്ങനെയാണ് ലെഗസിയെ നിര്‍വചിക്കുന്നത് എന്ന ചോദ്യത്തിന്, 'അമേരിക്കയെ രക്ഷിക്കുന്നു' എന്ന് ട്രംപ് മറുപടി നല്‍കി. അമേരിക്ക ഇപ്പോൾ ഒരു മഹത്തായ രാജ്യമാണെന്ന് ഞാൻ കരുതുന്നു. ഒരു വർഷം മുമ്പ് അത് ഒരു ചത്ത രാജ്യമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 20 മിനിറ്റാണ് ട്രംപ് ഫോണില്‍ സംസാരിച്ചത്.