
യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച യുഎസ് നയം തിരുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്ന് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. മൂന്ന് വര്‍ഷമായി തുടരുന്ന ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെയും ട്രംപ് വിമര്‍ശിച്ചു. മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
"പാട്രിയറ്റ് അവര്‍ക്ക് കൊടുക്കും. അവര്‍ക്കത് വളരെ ആവശ്യമായിട്ടുണ്ട്. എത്രയെണ്ണം എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍, അവര്‍ക്ക് ആവശ്യമായത് കൊടുക്കും. അവര്‍ അതിന് വില നല്‍കേണ്ടതില്ല. പക്ഷേ, യൂറോപ്യന്‍ യൂണിയന്‍ അതിന് വില നല്‍കും" - ട്രംപ് പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തുമെന്ന കാര്യവും ട്രംപ് സ്ഥിരീകരിച്ചു.
യുക്രെയ്നില്‍ നടക്കുന്ന ആക്രമണങ്ങളില്‍ റഷ്യയെയും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെയും ട്രംപ് വിമര്‍ശിച്ചു. "പുടിന്‍ ആളുകളെ ശരിക്കും അത്ഭുതപ്പെടുത്തുന്നു. അദ്ദേഹം ഹൃദ്യമായി സംസാരിക്കും, പിന്നാലെ വൈകിട്ടോടെ എല്ലാവരെയും ബോംബിടും. അങ്ങനെ ചെറിയ പ്രശ്നങ്ങളുണ്ട്. എനിക്കത് ഇഷ്ടമല്ല" -എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം അടുത്തദിവസം ഉണ്ടായേക്കുമെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് യുക്രെയ്ന് വ്യോമ പ്രതിരോധം സംവിധാനം നല്‍കുമെന്ന പ്രഖ്യാപനം. യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട യുഎസ് നയം കൂടിയാണ് ട്രംപ് തിരുത്തിയത്. രണ്ടാം ഭരണനാളിന്റെ തുടക്കത്തില്‍, യുക്രെയ്ന് ആയുധം നല്‍കുന്നത് ട്രംപ് താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു.
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം മൂന്ന് വര്‍ഷമായി തുടരുകയാണ്. അധികാരത്തിലേറിയതിനു പിന്നാലെ യുദ്ധങ്ങള്‍ക്കെല്ലാം അറുതി വരുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ട്രംപ് മുന്‍കൈയെടുത്ത് നടത്തിയ സമാധാനശ്രമങ്ങള്‍ ഉള്‍പ്പെടെ പാളി. റഷ്യ ആക്രമണം രൂക്ഷമാക്കിയതിനൊപ്പം യുക്രെയ്നും പ്രത്യാക്രമണം ശക്തിപ്പെടുത്തിയിരുന്നു.