വനിതാ ഏകദിന ലോകകപ്പ്; മികച്ച തുടക്കവുമായി ഇന്ത്യ, കരുത്തറിയിച്ച് സ്മൃതിയും ഷഫാലിയും
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണർമാരായെത്തിയ സ്മൃതി മന്ദാനയും ഷഫാലിയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എട്ട് ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 63 റൺസ് നേടിക്കഴിഞ്ഞു. കലാശപ്പോരിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരം. മഴ മൂലം വൈകിയാണ് മത്സരം ആരംഭിച്ചത്.
സെമി ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ധൈര്യത്തിലാണ് ഹര്‍മന്‍പ്രീതും സംഘവും ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. ആദ്യ കിരീടം എന്ന മോഹവുമായാണ് ദക്ഷിണാഫ്രിക്കയും എത്തിയിരിക്കുന്നത്. സെമിയില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസവും ഒപ്പമുണ്ട്. ഇരു ടീമുകളും ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത മത്സരമായതിനാൽ കാണികളും ആവേശത്തിലാണ്.
കളിച്ച മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ച സ്റ്റേഡിയമാണ് ഡി വൈ പാട്ടീല്‍ സ്റ്റേഡിയം. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യക്ക് തുണയാകും. നിലവിലെ മികച്ച ബാറ്റിങ് നിരയും ഹോം ഗ്രൗണ്ട് ആനുകൂല്യവും ഇന്ത്യക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. ജെമിമ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിവര്‍ സ്ഥിരത കാത്തു സൂക്ഷിച്ചാല്‍ വിജയം നേടാമനാകുമെന്ന സ്ഥിതിയാണ് ഇന്ത്യക്ക്.
മാരിസാന്‍ കാപ്പ്, നദിന്‍ ഡി ക്ലര്‍ക്ക് എന്നീ ഓള്‍റൗണ്ടര്‍മാരാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ഇന്ത്യ ഏറ്റവും കൂടുതല്‍ ഭയക്കേണ്ടതും ഇവരെ തന്നെ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇവര്‍ അപകടകാരികളാണെന്നത് അവഗണിക്കാനാകില്ല. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട്, ഓള്‍റൗണ്ടര്‍മാരായ മാരിസാന്‍ കാപ്പ്, നദിന്‍ ഡി ക്ലര്‍ക്ക് എന്നിവരുടെ മികച്ച ഫോമാണ് ദക്ഷിണാഫ്രിക്കയുടെ ബലം.
