
തെഹ്റാനെതിരെ ഇസ്രയേൽ ശത്രുതാപരമായ നടപടികൾ തുടർന്നാൽ കടുത്ത ആക്രമണം തിരിച്ചും പ്രതീക്ഷിക്കാമെന്ന് പരസ്യമായി വെല്ലുവിളിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ പ്രസിഡൻ്റിനെ ഉദ്ധരിച്ച് ഔദ്യോഗിക ഇറാൻ വാർത്താ ഏജൻസിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. യുഎസിൻ്റെ സഹായമില്ലാതെ ഇസ്രയേലിന് ഇത്തരമൊരു ആക്രമണം നടത്താനാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്‌ച്ചി ആരോപിച്ചു.
"സയണിസ്റ്റ് ഭരണകൂടത്തിൻ്റെ സൈനിക ആക്രമണങ്ങൾക്ക് മേഖലയിലെ അമേരിക്കൻ സേനയും അവരുടെ താവളങ്ങളും നൽകിയ പിന്തുണയുടെ ശക്തമായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്," അബ്ബാസ് അരഗ്‌ച്ചി ഞായറാഴ്ച തലസ്ഥാനമായ തെഹ്‌റാനിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ ആക്രമണങ്ങളെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും, യുഎസ് ആയുധങ്ങളും ഉപകരണങ്ങളും ഇല്ലാതെ അവ സംഭവിക്കുമായിരുന്നില്ലെന്നും, കൂടുതൽ ആക്രമണങ്ങൾ വരാനിരിക്കുന്നുണ്ടെന്നും പരസ്യമായും വ്യക്തമായും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
"അതിനാൽ, ഞങ്ങളുടെ അഭിപ്രായത്തിൽ ഈ ആക്രമണങ്ങളിൽ യുഎസ് ഒരു പങ്കാളിയാണ്. അതിൻ്റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കണം," അബ്ബാസ് അരഗ്‌ച്ചി ആവശ്യപ്പെട്ടു. ഇസ്‌ഫഹാനിലെ നതാൻസിലുള്ള ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പങ്കില്ലെന്ന് വിവിധ ഇടനിലക്കാർ വഴി യുഎസിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഞങ്ങളുടെ പക്കൽ തെളിവുകൾ ഉള്ളതിനാൽ ഇറാൻ ഈ അവകാശവാദം വിശ്വസിക്കുന്നില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.