

ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള സോഹ്റാൻ മംദാനിയുടെ കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മംദാനിയുടെ നടപടിയെ വിമർശിച്ചു. മംദാനി സ്വന്തം ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം ഉമർ ഖാലിദിൻ്റെ മാതാപിതാക്കളെ കണ്ടപ്പോൾ മംദാനി സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് അവർക്ക് കൈമാറിയിരുന്നു. ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള കത്തിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു. "പ്രിയപ്പെട്ട ഉമർ, കയ്പ്പിനെക്കുറിച്ചും അത് സ്വയം നശിപ്പിക്കാൻ അനുവദിക്കാതിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു"
മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ജന പ്രതിനിധികൾ ബഹുമാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഇതിന് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത് . വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് ഓഫീസിലിരിക്കുന്നവർക്ക് ചേർന്നതല്ലെന്നും രൺധീർ ജയ്‌സ്വാൾ കത്തിനോട് പ്രതികരിച്ചു.
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ അംഗമായിരുന്ന കാലത്താണ് മംദാനി ആദ്യമായി ഖാലിദിന് പിന്തുണയുമായി രംഗത്തെത്തിയത്. 2023 ജൂണിൽ, പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തിനെതിരായ ഒരു പ്രതിഷേധത്തിൽ, മംദാനി ഖാലിദിൻ്റെ ജയിൽ ഡയറിയിലെ ഭാഗങ്ങൾ വായിച്ചിരുന്നു.
ഡിസംബർ 9 ന് മംദാനിയുമായി ഏകദേശം 25 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതായി ഉമർ ഖാലിദിൻ്റെ പിതാവ് സയ്യിദ് ഖാസിം റസൂൽ ഇല്യാസ് പറഞ്ഞതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. 2023 ൽ ഖാലിദിൻ്റെ ജയിൽ ഡയറി വായിച്ചതിന് നന്ദി പറയാൻ വേണ്ടി കൂടിയായിരുന്നു കൂടിക്കാഴ്ച . ഉമറിൻ്റെ തടവിനെക്കുറിച്ച് എപ്പോഴും ചിന്തിക്കാറുള്ളതായും ഉമർ ഖാലിദിന് ജാമ്യം ലഭിക്കേണ്ടതാണെന്ന് മംദാനി പറഞ്ഞതായും പിതാവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ എന്തു ചെയ്യാൻ കഴിയുമെന്ന് മംദാനി ചോദിച്ചപ്പോൾ പ്രാർഥിച്ചാൽ മതിയെന്നാണ് താൻ മറുപടി പറഞ്ഞതെന്നും ഉമറിൻ്റെ പിതാവ് പറഞ്ഞു.
2020 ഫെബ്രുവരിയിൽ 53 പേർ കൊല്ലപ്പെട്ട ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ് അഞ്ച് വർഷത്തോളമായി ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയിരുന്നു. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച കോടതി ഇവർക്കൊപ്പം അറസ്റ്റിലായ മറ്റ് 5 പേർക്കും ജാമ്യം അനുവദിച്ചിരുന്നു.