

ടൊറൻ്റോ സർവകലാശാലയിലെ സ്കാർബറോ കാമ്പസിന് സമീപം 20 വയസുള്ള ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഡോക്ടറൽ വിദ്യാർഥിയായ ശിവങ്ക് അവസ്തിയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ശിവങ്കിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തുന്നതിന് മുമ്പ് പ്രദേശത്ത് നിന്നും കടന്നു കളഞ്ഞ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഈ വർഷത്തെ ടൊറന്റോയിലെ 41-ാമത്തെ കൊലപാതക കേസാണിതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-7400 എന്ന നമ്പറിലും ക്രൈം സ്റ്റോപ്പേഴ്‌സ് 416-222-TIPS (8477) എന്ന നമ്പറിലും www.222tips.com എന്ന വിലാസത്തിലും പൊലീസിനെ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ടൊറൻ്റോയിൽ 30 വയസുള്ള ഒരു ഇന്ത്യൻ വനിതയും കൊല്ലപ്പെട്ടിരുന്നു. കാണാതായതായി പരാതി ലഭിച്ചതിന് ഒരു ദിവസം കഴിഞ്ഞ് പൊലീസ് മൃതദേഹം ഒരു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. കേസിലെ പ്രതിയും കൊല്ലപ്പെട്ട പെൺകുട്ടിയുടെ പങ്കാളിയുമാണെന്ന് കരുതുന്ന അബ്ദുൾ ഗഫൂറിനെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.