
ന്യൂയോർക്ക്: യുഎസിലെ ഷോപ്പിങ് മാളിൽ മോഷണം നടത്തിയെന്നാരോപിച്ച് ഇന്ത്യൻ യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 2025 ജനുവരി 15ന് നടന്ന സംഭവത്തിൻ്റെ വീഡിയോ ആണിത്. പൊലീസ് ഓഫീസർമാർക്ക് നേർക്ക് കൈകൂപ്പി കരഞ്ഞു നിലവിളിക്കുന്ന യുവതി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
നന്നായി ദീർഘശ്വാസം വിടാനും ശ്വസനം സാധാരണ നിലയിലായെങ്കിൽ മാത്രമെ നിങ്ങളോട് സംസാരിക്കാൻ കഴിയൂവെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗുജറാത്തി സംസാരിക്കുന്ന യുവതിക്ക് കുറച്ചൊക്ക മാത്രമെ ഇംഗ്ലീഷ് അറിയൂവെന്നും പറയുന്നുണ്ട്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നും സഹായം ആവശ്യമെങ്കിൽ പറയണമെന്നും പൊലീസ് ഉദ്യോഗസ്ഥർ ആരാഞ്ഞു.
യുഎസിലെ ടാർജറ്റ് സ്റ്റോറിൽ നിന്ന് കാർട്ട് നിറയെ സാധനങ്ങളുമായി പുറത്തേക്ക് പോകുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങളാണിത്. സ്ഥിരം കസ്റ്റമറാണെന്നും ഇത്തരമൊരു പ്രവൃത്തി ഇതാദ്യമാണെന്നും ജീവനക്കാരൻ പൊലീസിനോട് വ്യക്തമാക്കുന്നുമുണ്ട്.
വാഷിങ്ടണിൽ നിന്നെടുത്ത ഡ്രൈവിങ് ലൈസൻസുണ്ടെന്നും സ്റ്റോറിൽ നിന്നെടുത്ത ചില സാധനങ്ങൾ പുറത്ത് വിൽക്കുന്നുണ്ടെന്നും ഈ യുവതി സമ്മതിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ പൊലീസ് യുവതിയോട് നിർദേശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.